യുഎൻ സിനിമയിലും മലയാളി
Saturday, August 9, 2025 2:02 AM IST
ബിജു പാരിക്കാപള്ളി
ഇരിട്ടി: ഐക്യരാഷ്ട്ര സഭയ്ക്ക് (യുഎൻ) വേണ്ടി എഐ സാങ്കേതികവിദ്യയിൽ നിർമിച്ച ഹ്രസ്വചിത്രത്തിൽ പങ്കാളിയായി കീഴ്പ്പള്ളി സ്വദേശിയും. ദീർഘകാലമായി അമേരിക്കയിൽ സ്ഥിരതാമസമായ ഇരിട്ടി കീഴ്പ്പള്ളിയിലെ കാരക്കാട്ട് തോമസ്-ഷൈനി ദമ്പതികളുടെ മകൻ ഷോൺ ആണ് ഹ്രസ്വചിത്രത്തിന്റെ പ്രൊഡ്യൂസർമാരിലൊരാൾ.
15 വർഷത്തിനു ശേഷമുള്ള പ്രകൃതിയെക്കുറിച്ചുള്ള സിനിമയാണ് ‘ഇമാജിൻ ലാൻഡ് 2040’. പ്രകൃതിയിലേക്കും ചുറ്റുപാടുകളിലേക്കുമുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിൽനിന്നും പുതിയ പ്രതീക്ഷയിലേക്കുള്ള ചെറിയ കുട്ടിയുടെ സ്വപ്നത്തിലൂടെയാണ് കഥ കടന്നുപോകുന്നത്.
നിലവിലുള്ള വെല്ലുവിളികളെ അതിജീവിച്ച് പ്രകൃതിയെ സംരക്ഷിക്കാനുള്ള കൊച്ചുസന്ദേശമാണ് സിനിമയുടെ രൂപത്തിൽ ഷോണും സുഹൃത്തുക്കളും പറഞ്ഞു വയ്ക്കുന്നത്. 40 പേരടങ്ങുന്ന സംഘത്തിൽ 35 വിദ്യാർഥികളും അഞ്ചു മുതിർന്നവരുമാണു സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ചത്.
രണ്ടാഴ്ചകൊണ്ട് ഷൂട്ടിംഗ് പൂർത്തിയായെങ്കിലും നാലുമാസം എടുത്താണ് സിനിമയുടെ ചിത്രീകരണം മുഴുവൻ പൂർത്തിയാക്കിയത്. അമേരിക്കയിലെ വിവിധ സ്ഥലങ്ങൾ, വനങ്ങൾ, ചൈനയിലെ മലനിരകൾ, ആമസോൺ കാടുകൾ, സെനഗലിലെ മരുഭൂമി എന്നിവിടങ്ങളിലെ കാഴ്ചകളാണു സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്കൂൾപഠന കാലഘട്ടത്തിൽത്തന്നെ അക്കഡേമിക് മികവുകൊണ്ട് യുഎന്നിന്റെ വിവിധ പ്രോഗ്രാമുകളിൽ ഷോൺ പങ്കെടുത്തിട്ടുണ്ട്. യുഎന്നുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾക്കായി ഷോൺ 33 വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.
അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ക്ഷണപ്രകാരം വൈറ്റ് ഹൗസിലെ ചായസൽക്കാരത്തിലും ഷോൺ പങ്കെടുത്തിട്ടുണ്ട്.സിനിമയ്ക്കു പുറമെ ന്യൂയോർക്ക് സിറ്റിയിൽ പുതിയ സ്റ്റാർട്ട് അപ്പ് ബിസിനസും ആരംഭിച്ചിരിക്കുകയാണ് ഷോൺ.