വനം വകുപ്പിന്റെ പേരിൽ ജോലി തട്ടിപ്പിനു ശ്രമം; അന്വേഷിക്കാൻ നിർദേശം
Saturday, August 9, 2025 2:02 AM IST
തിരുവനന്തപുരം: വനം വകുപ്പിന്റെ പേരിൽ വ്യാജ കത്ത് തയാറാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ജോലി തട്ടിപ്പിന് ശ്രമം. കേരള വനം- വന്യജീവി വകുപ്പിന്റെ ലെറ്റർ ഹെഡിന് സമാനമായി വ്യാജ ലെറ്റർ ഹെഡ് ഉണ്ടാക്കിയും അതിൽ മാസങ്ങൾക്ക് മുൻപ് വിരമിച്ച മുൻ വനം മേധാവിയുടെ പേരും ഒപ്പും രേഖപ്പെടുത്തിയുമാണ് തട്ടിപ്പിനുള്ള ശ്രമം.
എല്ലാ ജില്ലകളിലേയും ജോലി ഒഴിവുകൾ ഹെഡ് ഓഫീസിലോ അല്ലെങ്കിൽ ജില്ലാ വനം മേധാവിയെയോ ക്ലർക്ക് സെക്ഷനുകൾ അറിയിക്കണമെന്നാണ് കത്തിലെ ഉള്ളടക്കം. ഇന്നലത്തെ തീയതി കാണിച്ചാണ് കത്ത് തയാറാക്കിയത്.
ഈ കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനായി നാഷണലിസ്റ്റ് കോണ്ഗ്രസ് പാർട്ടി എന്ന പേരിൽ ക്ലോക്ക് ചിഹ്നവും എൻ.എ മുഹമ്മദ് കുട്ടി, പ്രസിഡന്റ്, എൻസിപി കേരള എന്നു രേഖപ്പെടുത്തി സീൽ ചെയ്തുള്ള ഒപ്പിടാത്ത കത്തും പ്രചരിക്കുന്നുണ്ട്.
“ഉദ്യോഗാർഥികളുടെ ശ്രദ്ധയിലേക്ക് പരമാവധി നാളെ തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുക രണ്ട് ദിവസം അവധി വരുന്ന സാഹചര്യം ആയതിനാൽ ഉടൻ നൽകാൻ ഈ ഓഫീസിൽ നിന്നും നന്ദിയോടെ അറിയിക്കുന്നു’’എന്നാണ് കത്തിലുള്ളത്. എൻസിപി സ്റ്റേറ്റ് കമ്മിറ്റി തിരുവനന്തപുരം എന്ന പേരിൽ എഴുതിയ കത്തിലെ തീയതിയും ഇന്നലത്തേതു തന്നെയാണ്.
കത്തുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ട വനം മന്ത്രി എ.കെ. ശശീന്ദ്രൻ വനം വകുപ്പിന്റെയും വനം മേധാവിയുടെയും പേരിൽ വ്യാജ കത്ത് തയാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ മുഖ്യ വനം മേധാവിയ്ക്ക് നിർദേശം നൽകി. ഇത്തരത്തിലുള്ള വ്യാജ കത്തുകളുടെ അടിസ്ഥാനത്തിൽ ജനങ്ങളും ജോലി പ്രതീക്ഷിച്ചിരിക്കുന്ന യുവാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി പറഞ്ഞു.