സിദ്ധാര്‍ഥന്റെ മരണം: നഷ്ടപരിഹാരത്തുക പിന്‍വലിക്കാന്‍ കുടുംബത്തിന് അനുമതി
Saturday, August 9, 2025 2:02 AM IST
കൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് മരിച്ചതിനെത്തുടര്‍ന്നു നിശ്ചയിച്ച നഷ്ടപരിഹാരത്തുക പിന്‍വലിക്കാന്‍ കുടുംബത്തിന് ഹൈക്കോടതി അനുമതി നല്കി.
ദേശീയ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ട ഏഴു ലക്ഷം രൂപ പിന്‍വലിക്കാനാണു ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയത്.
2024 ഒക്ടോബര്‍ ഒന്നിലെ ഉത്തരവ് ചോദ്യംചെയ്തു സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ഈ ഹർജിയിലെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന ഉപാധിയാണ് കോടതി വച്ചിട്ടുള്ളത്. പിന്‍വലിക്കാനുള്ള അനുമതിയെ സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും ഉപാധിയുടെ അടിസ്ഥാനത്തില്‍ എതിര്‍പ്പ് കോടതി തള്ളി.
ബിജെപി നേതാവ് സന്ദീപ് വചസ്പതി നല്കിയ പരാതിയിലായിരുന്നു സിദ്ധാര്‍ഥന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്കാന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടത്.
ഉത്തരവ് ചോദ്യംചെയ്യാന്‍ വൈകിയതിനെത്തുടര്‍ന്ന് ഏഴു ലക്ഷം രൂപ ഹൈക്കോടതിയില്‍ കെട്ടിവയ്ക്കാന്‍ കോടതി നേരത്തേ സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ച് കെട്ടിവച്ച തുക പിന്‍വലിക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. അതേസമയം, ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന സിദ്ധാര്‍ഥന്റെ അമ്മ എം.ആര്. ഷീബ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.