ആരോപണം പൊളിച്ച് ഡോ. ഹാരിസ്
Saturday, August 9, 2025 4:52 AM IST
തിരുവനന്തപുരം: കൊറിയർ ബോക്സിൽ കണ്ടത് നന്നാക്കാൻ കൊണ്ടുപോയ നെഫ്രൊസ്കോപ്പ് ആണെന്ന് ഡോ. ഹാരിസ്. ഇതായിരിക്കാം പരിശോധനയിൽ കണ്ടെത്തിയതെന്ന് ഹാരിസ് ഡോക്ടർമാരുടെ വാട്ട്സാപ്പ് കൂട്ടായ്മയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കുന്നത്.
മെഡിക്കൽ കോളജിലെ കേടായ നെഫ്രൊസ്കോപ്പ് നന്നാക്കുന്നതിനായി എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് അയച്ചിരുന്നു. ഉപകരണം നന്നാക്കാൻ രണ്ടു ലക്ഷത്തിലേറെ രൂപ ആവശ്യമാണെന്ന് കന്പനി അറിയിച്ചു.
എന്നാൽ അത്രയും പണം മുടക്കാൻ ഇല്ലാത്തതിനാൽ ഉപകരണം തിരികെ അയയ്ക്കാൻ താൻ അവശ്യപ്പെട്ടിരുന്നെന്നും അവർ തിരിച്ചയച്ച നെഫ്രൊസ്കോപ്പായിരിക്കാം കൊറിയർ ബോക്സിൽ കണ്ടെത്തിയതെന്നും ഡോ. ഹാരിസ് വിശദീകരണക്കുറിപ്പിൽ പറയുന്നു.
ഡോ. ഹാരിസിന്റെ മുറിയിൽനിന്നു കണ്ടെത്തിയത് ബില്ലുകളല്ലെന്നും ഉപകരണങ്ങൾ നന്നാക്കുന്നതിന്റെ ഭാഗമായി അയച്ച ചെല്ലാനുകളാണെന്നും സ്ഥിരീകരിച്ച് എറണാകുളത്തുള്ള കന്പനിയും രംഗത്തെത്തി.
ഡോ. ഹാരിസ് പറയുന്നതിനിടു യോജിക്കുന്ന വിശദീകരണമാണ് കന്പനിയുടേത്. നെഫ്രൊസ്കോപ്പ് നന്നാക്കാൻ രണ്ടു ലക്ഷത്തിലധികം രൂപ ആവശ്യമായി വരുമെന്ന് ഡോ. ഹാരിസിനെ അറിയിച്ച് ചെലാൻ നൽകി.
എന്നാൽ സർക്കാരിൽനിന്ന് അത്രയും പണം ലഭ്യമാക്കാൻ കഴിയാത്തതുകൊണ്ട് ഉപകരണങ്ങൾ തിരിച്ചയയ്ക്കാൻ ഡോ. ഹാരിസ് ആവശ്യപ്പെടുകയായിരുന്നുവെന്നും കമ്പനി അധികൃതർ പറഞ്ഞു.