സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് ഓട്ടോണമസ് പദവി
Saturday, August 9, 2025 4:47 AM IST
തൃശൂർ: കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിനു യുജിസി അംഗീകാരത്തോടെ കാലിക്കട്ട് സർവകലാശാല സ്വയംഭരണപദവി (ഓട്ടോണമസ്) അനുവദിച്ചതിന്റെ പ്രഖ്യാപനം 11 നു രാവിലെ 9.30 നു മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടൻ, പ്രിൻസിപ്പൽ ഡോ. കെ.എൽ. ജോയ്, വി.ജെ. തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കോളജ് സെൻട്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, അഡ്വ. കെ. രാജൻ എന്നിവർ സന്ദേശം നൽകും. കാലിക്കട്ട് വാഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ, ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ, സഹൃദയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ മോൺ. വിൽസൺ ഈരത്തറ, ടി.ജെ. സനീഷ്കുമാർ ജോസഫ് എംഎൽഎ, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമൻ, വാർഡ് മെന്പർ വി.വി. സൂരജ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്നു വിദ്യാർഥികളുടെ കലാപരിപാടികളും റെഡ് ബാൻഡിന്റെ മ്യൂസിക് പ്രോഗ്രാമും ഉണ്ടാകും.
2034- 2035 അധ്യയനവർഷംവരെയുള്ള കാലയളവിലേക്കാണു യുജിസി അംഗീകാരം നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽതന്നെ നാക് എ ഗ്രേഡ് നേടിയ കോളജിന് ഉന്നതവിദ്യാഭ്യാസരംഗത്തെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ, സമകാലികമായ രീതിയിൽ പാഠ്യപദ്ധതിയിലെ നവീകരണങ്ങൾ, സ്വതന്ത്രമായ അക്കാദമിക് പ്രവർത്തനങ്ങൾ, വിദ്യാർഥികേന്ദ്രീകൃത പഠനരീതികൾ, തൊഴിലിൽ കൂടുതൽ സ്വാതന്ത്ര്യവും സാധ്യതയുള്ള പാഠ്യപദ്ധതികൾ, ഗവേഷണപദ്ധതികൾ എന്നിവയിൽ അധികസാധ്യതകൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ ഓട്ടോണമസ് പദവി സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.