റബര്‍ മാസികയ്ക്ക് അറുപതാണ്ട്
Saturday, August 9, 2025 4:47 AM IST
കോട്ടയം: റബര്‍ കൃഷിവ്യാപനം ലക്ഷ്യമാക്കി റബര്‍ ബോര്‍ഡ് ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗം പ്രസിദ്ധീകരിക്കുന്ന റബര്‍ മാസിക അറുപതാം വര്‍ഷത്തില്‍. കേരളത്തിലെ റബര്‍ കൃഷിയില്‍ കര്‍ഷകര്‍ക്കും ആര്പിഎസുകള്ക്കും വ്യാപാരികള്‍ക്കും ആധികാരികമായ അറിവു നല്കുന്ന പ്രസിദ്ധീകരണത്തിന് മുടക്കമുണ്ടായിട്ടില്ല.
ശാസ്ത്രീയ കൃഷിരീതി, പുതിയ ക്ലോണുകള്‍, റബര്‍ രോഗങ്ങള്‍, വിവിധ രാജ്യങ്ങളിലെ കൃഷിരീതി, ശാസ്ത്രീയ ടാപ്പിംഗ്, സംസ്കരണം, വളപ്രയോഗം, ആനുകൂല്യങ്ങള്‍, കര്‍ഷകരുടെ സംശയങ്ങള്‍, വിപണി തുടങ്ങി ഒരു വിജ്ഞാനകോശമായാണ് റബര്‍ മാസിക പ്രചാരം നേടിയത്. റബര്‍ ബോര്‍ഡിലെ വിദഗ്ധരും ഗവേഷകരും തയാറാക്കുന്ന ലേഖനങ്ങള്‍ റബര്‍ മേഖലയില്‍ വലിയ ഉണര്‍വും അറിവും പകര്‍ന്നു.
കര്‍ഷകരുടെയും റബര്‍ ഉത്പാദക സംഘങ്ങളുടെയും വിജയഗാഥകളും വായനക്കാര്‍ക്ക് ആവേശം പകര്‍ന്നു. കേവലം ഒരൊറ്റ കൃഷിയിനത്തെ അടിസ്ഥാനമാക്കി ഇത്രകാലം പ്രസിദ്ധീകരണം മുടങ്ങാതെ പോരുന്ന പ്രസിദ്ധീകരണങ്ങള്‍ വേറെയില്ല. എന്നാല്‍ റബറിനൊപ്പം ഇടവിള, തേനിച്ചവളര്‍ത്തല്‍, കാപ്പികൃഷി തുടങ്ങിയവയില്‍ പുതിയ വരുമാന സാധ്യതകള്‍ അറിയിക്കുകയും ചെയ്തു.
ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗം നടത്തിയ കര്‍ഷക കൂട്ടായ്മകളിലെ അറിവനുഭവങ്ങളും മാസികയിലൂടെ വെളിച്ചം കണ്ടു. കാല് ലക്ഷം കോപ്പി വരെ പ്രചാരണം നേടിയ മാസികയ്ക്ക് ഓണ്‍ലൈനിലും വായനക്കാരുണ്ട്. 1965 ഓഗസ്റ്റില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഹാന്‍ഡ് കംപോസിംഗിലായിരുന്നു തുടക്കം. പിന്നീട് കളറിലേക്കും കംപ്യൂട്ടര്‍ പേജിനേഷനിലേക്കും മാറി.