നഖം വെട്ടാതെ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ യുവതിയെ ആക്ഷേപിച്ചെന്ന കേസ് റദ്ദാക്കി
Saturday, August 9, 2025 2:02 AM IST
കൊച്ചി: നഖം വെട്ടാതെ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയതിന്റെ പേരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മോശമായി സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സ്ത്രീകള്‍ പലരും കുളിക്കാതെയും പല്ലു തേയ്ക്കാതെയും നഖം വെട്ടാതെയും ടെസ്റ്റിനു വരുന്നുവെന്ന് ആക്ഷേപിച്ചെന്നായിരുന്നു പരാതി.
ഓടുന്ന വാഹനത്തില്‍ നടന്ന സംഭവം പൊതുസ്ഥലത്തെ അശ്ലീലപ്രയോഗമായി കണക്കാക്കാനാകില്ലെന്നും സാന്ദര്‍ഭികമായി ഉപയോഗിച്ച മോശം വാക്കുകള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമാകില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് കേസിലെ പ്രതി നെടുമങ്ങാട് എംവിഐ എം. അനസ് മുഹമ്മദിനെ ജസ്റ്റീസ് ജി. ഗിരീഷ് കുറ്റവിമുക്തനാക്കിയത്.
2022 ഒക്ടോബര്‍ 14ന് കാറില്‍ റോഡ് ടെസ്റ്റ് നടത്തുന്നതിനിടെ നഖം നീട്ടി വളര്‍ത്തിയിരിക്കുന്നതു കണ്ട് തന്നെ ഉദ്യോഗസ്ഥന് ആക്ഷേപിച്ചെന്നായിരുന്നു സ്ത്രീയുടെ പരാതി. തുടര്‍ന്ന് പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്താണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി വിചാരണക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് അനസ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്റെ ഭാഗത്തുനിന്നുണ്ടായത് വെറുപ്പുളവാക്കുന്ന വാക്കുകളാണെങ്കിലും പരാതിക്കാരിയെ അവഹേളിക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നു കരുതാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.