എയിംസ്: കേരളത്തിന്റെ നിർദേശം അംഗീകരിച്ചിട്ടില്ല: കേന്ദ്രം
Saturday, August 9, 2025 3:10 AM IST
കൊച്ചി: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിനിർദേശം അംഗീകരിച്ചിട്ടില്ലെന്നു കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്റാവു ദേശ്മുഖ് ലോക്സഭയിൽ പറഞ്ഞു.
എറണാകുളം ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
എയിംസ് സ്ഥാപിക്കുന്നതിന് എറണാകുളം ഉൾപ്പെടെ നാലു സ്ഥലങ്ങൾ കേരള സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഈ നിർദേശം നിലവിലെ ഘട്ടത്തിൽ അംഗീകരിച്ചിട്ടില്ലെന്നു മന്ത്രി വ്യക്തമാക്കി. കോഴിക്കോട് കിനാലൂർ, തിരുവനന്തപുരം കാട്ടാക്കട, കോട്ടയം എന്നിവയാണു കേരളം നിർദേശിച്ചിട്ടുള്ള മറ്റു മൂന്ന് സ്ഥലങ്ങൾ.