ക്രൈസ്തവരെ സർക്കാർ വിഡ്ഢികളാക്കുന്നു: ഷെവ. വി.സി. സെബാസ്റ്റ്യന്‍
Saturday, August 9, 2025 2:02 AM IST
കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനും ക്ഷേമപദ്ധതികള്‍ നിര്‍ദേശിക്കാനും നിയോഗിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടുവർഷം പിന്നിട്ടിട്ടും പുറത്തിറക്കാതെ സംസ്ഥാന ഭരണസംവിധാനങ്ങൾ ക്രൈസ്തവരെ വിഡ്ഢികളാക്കുകയാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു.
2023 മേയ് 17ന് സമർപ്പിച്ച പഠനറിപ്പോർട്ടിന്റെ ഒരധ്യായത്തിൽ സൂചിപ്പിച്ചിരിക്കുന്ന ശിപാർശകൾ മാത്രമാണ് ഇതിനോടകം പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തു വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ സിറ്റിംഗുകളിലും നേരിട്ടും കമ്മീഷന് അഞ്ചു ലക്ഷത്തോളം നിര്‍ദേശങ്ങള്‍ ലഭിച്ചു. രണ്ടര വര്‍ഷക്കാലം പഠനം നടത്തി സമര്‍പ്പിച്ച പഠനരേഖകളും ക്ഷേമപദ്ധതി നിര്‍ദേശങ്ങളും സര്‍ക്കാര്‍ രഹസ്യമാക്കി വയ്ക്കുന്നതില്‍ ദുരൂഹതയുണ്ട്.
റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ അടിയന്തരമായി പ്രസിദ്ധീകരിക്കുകയും സമയബന്ധിതമായി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചു നടപ്പിലാക്കുകയും ചെയ്യണമെന്നും വി.സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.