ചേര്‍ത്തലയില്‍ സ്ത്രീകളെ കാണാതായ സംഭവം; തെളിവു തേടി വ്യാപക പരിശോധന
Saturday, August 9, 2025 2:28 AM IST
ചേര്‍ത്തല: ദുരൂഹ സാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ കേസില്‍ തെളിവുതേടി അന്വേഷണ സംഘങ്ങള്‍. ജെയ്നമ്മ കേസിലെ നിര്‍ണായകമായ ജെയ്നമ്മയുടെ ഫോണ്‍ കണ്ടെത്തുക എന്ന പ്രധാന ആവശ്യത്തിലാണ് സെബാസ്റ്റ്യനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
വെള്ളിയാഴ്ച ഫോണിനായി ചേര്‍ത്തലയിലും പള്ളിപ്പുറത്തും ഈരാറ്റുപേട്ടയിലും സെബാസ്റ്റ്യന്റെ ഭാര്യാ വീട്ടിലുമടക്കം സംഘം തെരച്ചില്‍ നടത്തി. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് ഇതു റീച്ചാര്‍ജു ചെയ്ത കടകളിലെല്ലാം സംഘമെത്തി വിവരങ്ങള്‍ തേടി.
ജൂലൈ 19 വരെ ഫോണ്‍ ഇയാളുടെ കൈകളിലുണ്ടായിരുന്നതായി തെളിവു കിട്ടിയിരുന്നു. 19ന് ഈരാറ്റുപേട്ടയില്‍ നൈനാന്പള്ളിക്കു സമീപമുള്ള മൊബൈല്‍ കടയില്‍ നിന്നും ജെയ്നമ്മയുടെ നമ്പരില്‍ 99 രൂപയ്ക്ക് റീചാര്‍ജ് ചെയ്തത് സൈബര്സഹായത്താലും സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ഇതിനു ശേഷമാണ് ഫോണ്‍ അപ്രത്യക്ഷമായിരിക്കുന്നത്. കാണാതായ ഘട്ടത്തില്‍ ജെയ്നമ്മ പള്ളിപ്പുറത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയതായും സംഘം കണ്ടെത്തി.
സമീപത്തെ വീട്ടിലെത്തിയതെന്നാണ് ഇവര്‍ അറിയിച്ചത്. ഇവരുടെ പഴ്സും മരുന്നും വാച്ചുമടക്കം അടുപ്പിലിട്ടു കത്തിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെയെല്ലാം അവശിഷ്ടങ്ങള്‍ സെബാസ്റ്റ്യന്റെ വീട്ടിലെ അടുപ്പില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതേസമയം ഹയറുമ്മ (ഐഷ) കേസില്‍ ചേര്‍ത്തല പോലീസും പുനരന്വേഷണം തുടങ്ങി.സ്റ്റേഷന് ഓഫീസര്‍ ജി.അരുണിണിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഘം ഐഷയുടെ കൂട്ടുകാരികളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ചിലരെ സ്റ്റേഷനിലേക്കു വിളിച്ചിട്ടുണ്ട്. പ്രാഥമിക വിവരങ്ങള്‍ക്കു ശേഷം റോസമ്മയടക്കമുള്ളവരെ വിശദമായി ചോദ്യം ചെയ്യും.