രണ്ടാനച്ഛന് മൂന്നാം ക്ലാസുകാരന്റെ കാല് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു
Saturday, August 9, 2025 2:02 AM IST
ചവറ: രണ്ടാനച്ഛന് മൂന്നാം ക്ലാസുകാരന്റെ കാല് ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചതായി പരാതി. മൈനാഗപ്പള്ളി സ്വദേശി കൊച്ചനിയനാണ് എട്ടു വയസുകാരനെ പൊള്ളിച്ചത്.
അമ്മൂമ്മയോട് വികൃതി കാണിച്ചതിനെ തുടര്‍ന്ന് രണ്ടാനച്ഛന് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയായിരുന്നു. സ്കൂളിലെത്തിയ കുട്ടിയുടെ കാല് പൊള്ളിയിരിക്കുന്നത് കണ്ട് അധ്യാപിക വിവരം തിരിക്കിയപ്പോഴാണ് കുട്ടി ക്രൂരത പറഞ്ഞത്.
അങ്കണവാടി പ്രവര്‍ത്തകര്‍ വിവരം ചവറ തെക്കുംഭാഗം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് തേവലക്കര പാലയ്ക്കൽ വാടകയ്ക്ക് താമസിക്കുന്ന മൈനാഗപ്പള്ളി സ്വദേശി കൊച്ചനിയനെയും കുട്ടിയെയും സ്റ്റേഷനിലെത്തിച്ചു.
കുട്ടിയുടെ മൊഴിയെടുക്കുമ്പോഴാണ് താന്‍ അമ്മൂമ്മയോട് വികൃതി കാണിച്ചപ്പോള്‍ അച്ഛന് ഇങ്ങനെ ചെയ്തതെന്ന് കുട്ടി പറഞ്ഞതായി പോലിസ് അറിയിച്ചു. എന്നാല്‍ ആ സമയത്തെ ദേഷ്യത്തിൽ ഇങ്ങനെ ചെയ്യുകയായിരുന്നുവെന്ന് കൊച്ചനിയന് പോലീസിനോട് പറഞ്ഞു.
പൊള്ളിയ സ്ഥലം പഴുത്ത് തുടങ്ങിയിട്ടും കുട്ടിയെ കൊച്ചനിയൻ ആശുപത്രിയില്‍ കൊണ്ടുപോകാൻ കൂട്ടാക്കിയിട്ടില്ല. അമ്മ വിദേശത്തായതിനാല്‍ മുത്തശിയുടെയും കൊച്ചനിയന്റെയും സംരക്ഷണയിലാണ് കുട്ടി വളരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുന്നതായി തെക്കുംഭാഗം പോലിസ് അറിയിച്ചു.
കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് സിഡബ്ല്യുസിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയെ ഉപദ്രവിച്ചതിന്റെ പേരില്‍ കൊച്ചനിയനെതിരേ പോലീസ് കേസെടുത്തു.