ഓണത്തിന് മുണ്ടു മുറുക്കിയുടുക്കാന്‍ സപ്ലൈകോയും കണ്‍സ്യൂമര്‍ ഫെഡും
Saturday, August 9, 2025 4:47 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് ഓണത്തിനു മുണ്ട് മുറുക്കിയുടുക്കണമെന്നു സപ്ലൈകോയോടും കണ്സ്യൂമര്ഫെഡിനോടും സര്‍ക്കാര്‍. സര്‍ക്കാരിന്റെ വിപണിയിടപെടല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതു മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണത്തിനുമായി 243 കോടി രൂപ അനുവദിക്കണമെന്ന സപ്ലൈകോ മാനേജിംഗ് ഡയറക്ടറുടെ ശിപാര്‍ശ സര്‍ക്കാര്‍ കണ്ണടച്ചുവെട്ടി. 150 കോടി രൂപ കൊണ്ട് ഓണം കെങ്കേമമാക്കിയാല് മതിയെന്നാണു സപ്ലൈകോയ്ക്ക് സര്‍ക്കാരിന്റെ നിര്‍ദേശം.
സബ്സിഡി അത്യാവശ്യ നിത്യോപയോഗ സാധനങ്ങള്‍ക്കു മാത്രമായി നിജപ്പെടുത്തി നഷ്ടം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണു കണ്‍സ്യൂമര്‍ ഫെഡിനു സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
മുന്‍ വര്‍ഷങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയിലേതിനേക്കാളും വില കുറച്ച് വില്പന നടത്തിയതിലൂടെ സപ്ലൈകോയ്ക്ക് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അടിയന്തരമായി 200 കോടി രൂപ അനുവദിക്കമെന്നായിരുന്നു സപ്ലൈകോ മാനേജിംഗ് ഡയറക്ടറുടെ അഭ്യര്‍ത്ഥന.
ഇതിനു പുറമേ എഎവൈ വിഭാഗം റേഷന്‍ കാര്‍ഡുടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും (നാലു പേര്‍ക്ക് ഒരു കിറ്റ് എന്ന കണക്കില്‍) വിതരണം ചെയ്യുന്നതിന് കിറ്റുകള്‍ സപ്ലൈകോ വില്പന ശാലകളില്‍നിന്നു റേഷന്‍ കടകളിലേക്ക് എത്തിക്കുന്നതിനുള്ള കയറ്റിറക്ക് കൂലി, പായ്ക്കിംഗ് ചാര്‍ജ്, ഗതാഗതച്ചെലവ് എന്നീ ഇനങ്ങളിലായി 43 കോടി രൂപയും അനുവദിക്കണമെന്ന് സപ്ലൈക്കോ മാനേജിംഗ് ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു.
സപ്ലൈക്കോയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാര്യമായ പരിഗണന കൊടുക്കാതെ, അനുവദിച്ച 150 കോടിയില്‍ 43 കോടി രൂപ സൗജന്യ ഓണക്കിറ്റ് വിതരണത്തിനു വിനിയോഗിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇത്തവണ ഓണത്തിന് 13 ഇനം അവശ്യ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്നതിന് 26 മുതല്‍ അടുത്ത മാസം നാലുവരെ 1800 താത്കാലിക വിപണികള്‍ ആരംഭിക്കുന്നതിന് അനുമതി തേടി കണ്‍സ്യൂമര്‍ ഫെഡ് സര്‍ക്കാരിനെ സമീപിച്ചപ്പോഴാണ് സബ്സിഡി നിജപ്പെടുത്തി നഷ്ടം കുറയ്ക്കണമെന്നു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കണ്‍സ്യുമര്‍ ഫെഡിനു 20 കോടി രൂപ മുന്‍കൂറായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. പൊതുവിതരണ വകുപ്പിന്റെ മാവേലി സ്റ്റോറുകളും വിപണന കേന്ദ്രങ്ങളും താത്കാലിക വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്ന സ്ഥലത്തിനടുത്ത് സഹകരണ വകുപ്പിന്റെ ഓണച്ചന്തകള്‍ തുടങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് വിപണിയില്‍ ഇടപെട്ടതിന്റെ തുകയടക്കം മൊത്തം 1200 കോടിയിലധികം രൂപ സര്‍ക്കാര്‍ സപ്ലൈകോയ്ക്കു നല്‍കാനുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് സപ്ലൈകോയില്‍ നിയമന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രമോഷനും ആനുകൂല്യങ്ങളും നിലച്ചതിനാല്‍ ജീവനക്കാര്‍ അമര്‍ഷത്തിലാണ്.
സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിയിരുത്തിയിലധികം തുക ചെലവഴിക്കാന്‍ നിര്‍ബന്ധിതമായതോടെയാണ് സപ്ലൈക്കോ സാമ്പത്തിക പ്രതിസന്ധിയിലായത്. പ്രതിസന്ധി മൂലം വിപണിയില്‍ ഫലപ്രദമായി സപ്ലൈകോയ്ക്ക് ഇടപെടാന്‍ കഴിയുന്നില്ല. നെല്ല് സംഭരണത്തിനും വിപണിയിലെ വില പിടിച്ചു നിറുത്തുന്നതിനും നടപടി സ്വീകരിക്കേണ്ട നോഡല്‍ ഏജന്‍സിയാണ് സപ്ലൈകോ.