ഡോ. ഹാരിസിനെ സംശയനിഴലിലാക്കി മെഡി. പ്രിൻസിപ്പൽ
Saturday, August 9, 2025 4:52 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കുറവ് ഉൾപ്പെടെയുള്ളവ പുറംലോകത്തെ അറിയിച്ച തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെ സംശയനിഴലിൽ നിർത്താൻ അധികൃതർ.
ഡോ. ഹാരിസ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നു മുന്പ് പലവട്ടം പറഞ്ഞ ആരോഗ്യവകുപ്പിലെ ഉന്നതർ തന്നെയാണ് ഇപ്പോൾ ഹാരിസിനെ സംശയനിഴലിൽ നിർത്താൻ മുന്നിലുള്ളത്.
അവധിയിലായിരുന്ന തന്റെ മുറി മറ്റൊരു താഴിട്ടു പൂട്ടിയെന്നും വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമം നടത്തുന്നുവെന്നും കാട്ടി കഴിഞ്ഞ ദിവസം കെജിഎംസിടിഎ ഭാരവാഹികൾക്ക് ഡോക്ടർ ഹാരിസ് കത്തു നല്കിയിരുന്നു.
ഈ വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇന്നലെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.കെ ജബ്ബാർ നടത്തിയ പത്രസമ്മേളനത്തിൽ ഡോ. ഹാരിസിന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ ഒരു ഉപകരണം കണ്ടെത്തിയെന്നും മുറിക്കുള്ളിലുണ്ടായിരുന്ന ബോക്സിൽ ചില ബില്ലുകൾ കണ്ടെത്തിയതിൽ അസ്വഭാവികതയുണ്ടെന്നും പറഞ്ഞു. വിശദ റിപ്പോർട്ട് സർക്കാരിനു നൽകുമെന്നും ഡോ. പി.കെ. ജബ്ബാർ പറഞ്ഞു.
ഡോ. ഹാരിസ് വെളിപ്പെടുത്തിയത് ചെറിയൊരു പ്രശ്നമാണെന്നും ഇക്കാര്യത്തിൽ മികച്ച ഡോക്ടർമാരാണ് അന്വേഷിച്ചതെന്നും വ്യകതമാക്കിയ ഡോ. ജബ്ബാർ, ആര് ചട്ടലംഘനം നടത്തിയാലും അന്വേഷിക്കുമെന്നും കൂട്ടിച്ചേർത്തു. ഒരു ഉപകരണം കാണുന്നില്ലെന്നു സമിതി കണ്ടെത്തിയിരുന്നു.
ഡിഎംഇയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഉപകരണം കണ്ടെത്താനായില്ല. വകുപ്പു മേധാവിയുടെ മുറിയിൽ പരിശോധന നടത്തണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ അവിടെ പരിശോധന നടത്തി.
യൂറോളജി വിഭാഗത്തിലെ ഡോ. ടോണിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. അദ്ദേഹം ഒരു ഉപകരണം കാട്ടിത്തന്നു. വിശദമായ പരിശോധന വേണമെന്നു തോന്നിയതിനാലാണ് കഴിഞ്ഞ ദിവസം വീണ്ടും ഡോ. ഹാരിസിന്റെ ഓഫീസിൽ പരിശോധന നടത്തിയതെന്നും വിവിധ ഉദ്യോഗസ്ഥർ തന്നോടൊപ്പമുണ്ടായിരുന്നുവെന്നും ഡോ. ജബ്ബാർ പറഞ്ഞു.