അമേരിക്കൻ അധിക തീരുവ മത്സ്യകയറ്റുമതിക്ക് ഇരുട്ടടി
Saturday, August 9, 2025 2:02 AM IST
കൊച്ചി: അമേരിക്ക ഏർപ്പെടുത്തിയ അധികതീരുവ കേരളത്തിലെ മത്സ്യ, മത്സ്യോത്പന്ന കയറ്റുമതി മേഖലകൾക്കു തിരിച്ചടിയാകുമെന്ന് ആശങ്ക. ചെമ്മീൻ കയറ്റുമതിക്കാകും വലിയ പ്രതിസന്ധിയാകുക. അധികതീരുവ നടപ്പാക്കുന്നതോടെ ഇന്ത്യയിൽനിന്നുള്ള ചെമ്മീനുകളുടെ കയറ്റുമതിയിൽ 30 ശതമാനമെങ്കിലും കുറവുണ്ടാകുമെന്ന് മത്സ്യമേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
സമുദ്ര മത്സ്യബന്ധന മേഖലയിലെ അന്താരാഷ്ട്ര നിയന്ത്രണങ്ങൾ മൂലം ഇന്ത്യയിൽനിന്നുള്ള ചെമ്മീൻ കയറ്റുമതിയിൽ ഇടിവുണ്ടായതിനുപിന്നാലെയാണ് ഇരുട്ടടിയായി അമേരിക്കയുടെ തീരുവ വർധനയും എത്തുന്നത്. കടലാമ സംരക്ഷണത്തിന്റെ പേരിൽ ഏതാനും ഇനങ്ങളിലുള്ള സമുദ്രജല ചെമ്മീനുകൾ പിടിക്കുന്നതിനും കയറ്റി അയയ്ക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്നു.
ഇന്ത്യയിൽനിന്നുള്ള ചെമ്മീന് 2.49 ശതമാനം ആന്റി ഡംബിംഗ് നികുതിയും 5.77 ശതമാനം കൗണ്ടർ വെയിലിംഗ് നികുതിയും ചേർത്തുള്ള തീരുവയാണ് ഇതുവരെ നൽകേണ്ടിയിരുന്നത്. പുതിയ സാഹചര്യത്തിൽ ഇതിൽ 58.26 ശതമാനത്തിന്റെ വർധനയുണ്ടാകും.
ട്രാൻസ്പോർട്ടേഷൻ നിരക്കിലും വർധനയുണ്ടായതോടെ കയറ്റുമതിക്കാർ പ്രതിസന്ധിയിലാണ്. ഒരു കിലോ ചെമ്മീൻ കയറ്റുമതിക്ക് അടുത്ത കാലത്തുവരെ 16 രൂപയായിരുന്നു ചെലവെങ്കിൽ ഇനിയത് 60 രൂപയായി ഉയരും.
സമുദ്രോത്പന്ന കയറ്റുമതി സംരംഭകരെയും തൊഴിലാളികളെയും ഗുരുതര പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതാണ് അമേരിക്കയുടെ തീരുവ വർധനയെന്ന് കേരള ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ചാൾസ് ജോർജ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇന്ത്യക്ക് 500 ദശലക്ഷം ഡോളറിന്റെ വരുമാനനഷ്ടമാണു മത്സ്യക്കയറ്റുമതിയിൽ മാത്രമുണ്ടായതെന്നാണു കണക്ക്.