സാങ്കേതിക സർവകലാശാലയിൽ ശന്പളവും പെൻഷനും മുടങ്ങി
Saturday, August 9, 2025 2:02 AM IST
തിരുവനന്തപുരം: സർക്കാർ -വിസി പോരിനെത്തുടർന്ന് രൂക്ഷമായ പ്രതിസന്ധി നേരിടുന്ന കേരള സാങ്കേതിക സർവകലാശാലയിലെ ജീവനക്കാരുടെ ശന്പളവും പെൻഷനും മുടങ്ങി. ഇതാദ്യമായാണ് ഇത്തരത്തിൽ ശന്പളവും പെൻഷനും മുടങ്ങുന്നത്.
സർക്കാർ വിസി ചേരിപ്പോരിനെത്തുടർന്ന് സർവകലാശാല ബജറ്റിന് അംഗീകാരം നല്കാത്തതിനാലാണ് അതിരൂക്ഷമായ പ്രതിസന്ധി സർവകലാശാലയിൽ ഉടലെടുത്തത്.
ജീവനക്കാർക്കു ശന്പളം ലഭിക്കാത്തതിനെത്തുടർന്ന് കോണ്ഗ്രസ് അനുകൂല പ്രതിപക്ഷ ജീവനക്കാരുടെ സംഘടനയുടെ നേതൃത്വത്തിലാണ് പട്ടിണിക്കഞ്ഞി സമരവുമായി രംഗത്തു വന്നത്.
സർവകലാശാലയിൽ കഴിഞ്ഞ ദിവസം ചേരേണ്ട ഫിനാൻസ് കമ്മിറ്റി യോഗം ക്വാറം തികയാത്തതിനെത്തുടർന്ന് ചേരാൻ കഴിഞ്ഞില്ല. സർക്കാർ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ നിന്നും വിട്ടുനിന്നതോടെയാണ് യോഗം ചേരാൻ കഴിയാതെ വന്നതും അതീവഗുരുതരമായ സാന്പത്തിക പ്രതിസന്ധിയിലേക്ക് സർവകലാശാല നീങ്ങിയതും.
പൂർണമായും ഡിജിറ്റൽ രീതിയിൽ പ്രവർത്തിക്കുന്ന സർവകലാശാല ഇന്റർനെറ്റ് സംവിധാനങ്ങൾക്ക് ഉൾപ്പെടെയുള്ള വാടകയും മറ്റു ദൈനംദിന ചെലവുകൾക്കായുള്ള പണവും കണ്ടെത്താൻ കഴിയാത്ത സാഹചര്യവുമാണ് സംജാതമായിട്ടുള്ളത്.
ഓഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ച പിന്നിട്ടിട്ടും ജീവനക്കാരുടെ ശന്പളവും മുൻ ജീവനക്കാരുടെ പെൻഷനും ലഭിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ സർവകലാശാലാ സിൻഡിക്കറ്റ് ചേർന്ന് ബജറ്റിന് അംഗീകാരം നൽകിയാൽ മാത്രമേ ഇനി ജീവനക്കാർക്കു ശന്പളം ലഭിക്കുകയുള്ളൂ.
ഈ മാസം 13ന് വൈസ് ചാൻസലർ പ്രത്യേക സിൻഡിക്കറ്റ് യോഗം വിളിച്ചുചേർത്തിട്ടുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സർക്കാർ അനുകൂല സിൻഡിക്കറ്റ് അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
13ന് സിൻഡിക്കറ്റ് ചേർന്ന് ബജറ്റിന് അംഗീകാരം നല്കിയില്ലെങ്കിൽ ശന്പളം ലഭിക്കാൻ ജീവനക്കാർ ഇനിയും കാത്തിരിക്കേണ്ടിവരും. ഇതോടെ സർവകലാശാലയിലെ ജീവനക്കാരും കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്. ഇതിനിടെ സർവകലാശാലയിലെ നിലവിലെ സ്ഥിതികൾ വൈസ് ചാൻസലർ ഗവർണറെ അറിയിച്ചു.
വീണ്ടും ഗവർണറുടെ ഇടപെടൽ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ബജറ്റിന് അംഗീകാരം നൽകാതിരുന്നതിനു പിന്നാലെ ചാൻസലർ കൂടിയായ ഗവർണർ ഇടപെടുന്നു. താത്കാകാലിക വിസി സർവകലാശാലയിലെ നിലവിലെ അവസ്ഥ സംബന്ധിച്ച് ചാൻസലർകൂടിയായ ഗവർണക്ക് കത്ത് നല്കിയിരുന്നു.
വിഷയത്തിൽ ചാൻസലർക്ക് ഇടപെടാൻ കഴിയുമെങ്കിൽ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജ്ഭവനിൽനിന്ന് സർവകലാശാലയോടു കൂടുതൽ വിശദീകരണം ചോദിച്ചത്. സർവകലാശാലാ ആക്ട് അനുസരിച്ച് നിലവിലെ പ്രതിസന്ധിയിൽ ഗവർണർക്ക് എന്തൊക്കെ ഇടപെടലുകൾ നടത്താൻ കഴിയുമെന്നതാണ് രാജ്ഭവൻ പരിശോധിക്കുന്നത്.
സർക്കാർ നല്കിയ പാനൽ തള്ളി ഗവർണർ സ്വന്തം നിലയ്ക്ക് വൈസ് ചാൻസലറെ നിയമിച്ചതോടെയാണ് കെടിയുവിൽ പ്രതിസന്ധി രൂക്ഷമായത്.