കെട്ടിടം ഉടമയുടെ മരണം: കരാറുകാരന് അറസ്റ്റില്‍
Saturday, August 9, 2025 4:47 AM IST
കാഞ്ഞങ്ങാട്: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്നു വീണ് കെട്ടിടം ഉടമ മരിച്ച കേസില്‍ കരാറുകാരന് അറസ്റ്റില്‍. പുല്ലൂര്‍ പെരളത്തെ നരേന്ദ്രനെയാണു മനഃപൂര്‍വല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത്കുമാര്‍ അറസ്റ്റ് ചെയ്തത്.
വെള്ളിക്കോത്ത് പെരളം സ്വദേശിയും മഡിയനിലെ അലുമിനിയം മെറ്റീരിയല്‍സ് ഷോപ്പ് ഉടമയുമായ റോയ് ജോസഫ് (48) മരിച്ച കേസിലാണ് അറസ്റ്റ്. മാവുങ്കാല്‍ മൂലക്കണ്ടത്തെ കെട്ടിടത്തിന്റെ മുകളില്‍നിന്നു ഞായറാഴ്ചയാണ് റോയ് ജോസഫ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടയില്‍ നരേന്ദ്രന് തന്നെ കെട്ടിടത്തിന്റെ മുകളില്‍നിന്നു താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന് റോയ് ജോസഫ് കൂടെയുണ്ടായിരുന്ന ഭാര്യയോടും സുഹൃത്തിനോടും പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്റെ കരാറുകാരനായ നരേന്ദ്രനെതിരേ ഹൊസ്ദുര്‍ഗ് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.