ഭാര്യയുടെ ഗര്‍ഭശുശ്രൂഷയ്ക്കായി കൊലക്കേസ് പ്രതിക്കു പരോള്‍; ഹർജി തള്ളി
Saturday, August 9, 2025 2:02 AM IST
കൊച്ചി: ഭാര്യയുടെ ഗര്‍ഭശുശ്രൂഷയ്ക്കായി കൊലക്കേസ് പ്രതിയായ ഭര്‍ത്താവിന് അടിയന്തര പരോള്‍ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ചെറിയ കാരണങ്ങള്‍ പറഞ്ഞ് തടവുകാര്‍ക്ക് അടിയന്തര പരോള്‍ ചോദിക്കുന്ന ഹര്‍ജികള്‍ കൂടിവരികയാണ്.
ഇത്തരം കാര്യങ്ങള്‍ക്കു പരോള്‍ നല്കിയാല് ഉത്സവത്തിനും പെരുന്നാളിനും കുടുംബ ടൂറിനുമെല്ലാം പരോള്‍ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടാകും. അസാധാരണ സാഹചര്യത്തില്ലാതെ പരോള്‍ അനുവദിക്കില്ലെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വ്യക്തമാക്കി.
കുറ്റവാളി ജയിലിലാകുന്നതോടെ അയാളുടെ മൗലികാവകാശങ്ങള്‍ മരവിക്കപ്പെടും. ഇരയുടെയും കുടുംബത്തിന്റെയും കണ്ണുകള്‍ എപ്പോഴും തനിക്കുനേരേയുണ്ടെന്ന തിരിച്ചറിവിലാണു പ്രതി പരിവര്ത്തനപ്പെടുകയെന്നും കോടതി വ്യക്തമാക്കി. കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരന്റെ ഭാര്യയായ കണ്ണൂര്‍ സ്വദേശിയാണു ഹര്‍ജിക്കാരി.
ഐവിഎഫ് ചികിത്സയിലൂടെ ഏറെ വര്‍ഷത്തിനുശേഷമാണ് ഗര്ഭവതിയായതെന്നും ഭര്‍ത്താവിന്റെ പരിചരണം അനിവാര്യമാണെന്നുമായിരുന്നു വാദം.