കുട്ടികൾ വീടുകളിൽ നേരിടുന്ന ദുരനുഭവങ്ങൾ അറിയിക്കാൻ സ്കൂളുകളിൽ ഹെൽപ് ബോക്സുകൾ
Saturday, August 9, 2025 2:02 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇനി ഹെൽപ് ബോക്സുകൾ സ്ഥാപിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വീട്ടിൽ ബന്ധുക്കളിൽനിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രത്യേക കർമപരിപാടിയുടെ ഭാഗമായാണിത്.
കുട്ടികൾക്ക് സുരക്ഷിതമായി പരാതികൾ അറിയിക്കാനാണ് ‘ഹെൽപ് ബോക്സ് ’ സ്ഥാപിക്കുക. സ്കൂളിലെ പ്രധാനാധ്യാപകർക്കായിരിക്കും ഇതിന്റെ ചുമതല. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് റിപ്പോർട്ടുകൾ വിലയിരുത്തി വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിനു കൈമാറണം.
പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ ചാരുമ്മൂടിൽ കഴിഞ്ഞ ദിവസം പിതാവിൽനിന്നും രണ്ടാനമ്മയിൽനിന്നും ദുരനുഭവം നേരിട്ട നാലാം ക്ലാസുകാരിയെ നേരിൽകണ്ട് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.