കുന്നോത്ത് ഗുഡ് ഷെപ്പേർഡ് സെമിനാരി രജത ജൂബിലി സമാപനസമ്മേളനം 12ന്
Saturday, August 9, 2025 2:02 AM IST
ഇരിട്ടി: കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയുടെ രജത ജൂബിലി സമാപന സമ്മേളനം 12ന് സെമിനാരിയിൽ നടക്കും. ഇതോടെ ഒരു വർഷം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്കു സമാപനമാകുമെന്ന് റെക്ടർ റവ.ഡോ. മാത്യു പട്ടമന പത്രസമ്മേളനത്തിൽ അറിയിച്ചു.
സീറോമലബാർ സഭാ സിനഡിന്റെ കീഴിൽ 2000 സെപ്റ്റംബർ ഒന്നിനാണ് തലശേരി അതിരൂപതയുടെ സാന്തോം എസ്റ്റേറ്റിൽ മേജർ സെമിനാരി പ്രവർത്തനം ആരംഭിച്ചത്. 25 വർഷത്തിനുള്ളിൽ 800 വൈദിക വിദ്യാർഥികളാണു പഠനം പൂർത്തിയാക്കിയത്.
ഒരു വർഷം നീണ്ട ജൂബിലി ആഘോഷത്തിൽ ക്രിസ്മസ്ഗാന മത്സരം, അഗതിമന്ദിരം അന്തേവാസികൾക്കൊപ്പം ഒരു ദിവസം, ദേശീയ ദൈവശാസ്ത്ര സെമിനാർ, ഇന്റർ സെമിനാരി അത്ലറ്റ് മീറ്റ്, ഒക്ടോബറിൽ ദേശീയ തത്വശാസ്ത്ര സെമിനാർ, നിർമാണം പുരോഗമിക്കുന്ന ഭവനം എന്നിവ ഉൾപ്പെടുന്നു.
12ന് രാവിലെ 10ന് പൂർവവിദ്യാർഥി സംഗമം നടക്കും. 2.30ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. 4.30ന് പൊതുസമ്മേളനം. മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിക്കും. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ആർച്ച്ബിഷപ് എമെരിറ്റസുമാരായ മാർ ജോർജ് ഞറളക്കാട്ട്, മാർ ജോർജ് വലിയമറ്റം, പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, ബത്തേരി ബിഷപ് ജോസഫ് മാർ തോമസ്, സെമിനാരി കമ്മീഷൻ അംഗങ്ങളായ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, സെമിനാരി പ്രഥമ റെക്ടർ റവ.ഡോ. ജോസഫ് കുഴിഞ്ഞാലിൽ, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, പഞ്ചായത്തംഗം ഷൈജൻ ജേക്കബ്, റെക്ടർ റവ.ഡോ. മാത്യു പട്ടമന എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ വൈസ് റെക്ടർ റവ.ഡോ. ആന്റണി കുറ്റിക്കാടൻ, ജൂബിലി കൺവീനർ റവ.ഡോ. ഏബ്രഹാം നെല്ലിക്കൽ, ജൂബിലി കോ-ഓർഡിനേറ്റർ റവ.ഡോ. ജോർജ് കുഴിപ്പള്ളിൽ, ബ്രദർ ജൈജോ തട്ടിൽക്കുളങ്ങര എന്നിവർ പങ്കെടുത്തു.