കഥകളി-ചെണ്ടവാദ്യ കലാകാരൻ ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു
Saturday, August 9, 2025 3:10 AM IST
കായംകുളം: പ്രശസ്ത കഥകളിചെണ്ടവാദ്യ കലാകാരനും ആലപ്പുഴ എസ്ഡി കോളജ് മുൻ പ്രിൻസിപ്പലുമായ കായംകുളം കണ്ടല്ലൂർ പുതിയവിള ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി (74) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു വീട്ടുവളപ്പില്‍.
ആലപ്പുഴ എസ്ഡി കോളജില്‍നിന്നു സുവോളജിയില്‍ ബിരുദാനന്തരബിരുദവും ബയോ കെമിസ്ട്രിയില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഇന്ത്യക്കകത്തും വിദേശത്തും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ജര്‍മനിയിലെ ഫ്രയ്ബര്‍ഗ് യൂണിവേഴ്സിറ്റി വിസിറ്റിംഗ് സയന്റിസ്റ്റായി പ്രവര്‍ത്തിക്കുകയും ദേശീയ അന്തര്‍ദേശീയ വേദികളില്‍ ശാസ്ത്ര പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാനഡയിലെ റിഥംസ് ഓഫ് ഇന്ത്യ ഫെസ്റ്റിവലിലും പങ്കെടുത്തു.
കേരള കലാമണ്ഡലം അവാര്‍ഡ്, സംഗീത നാടക അക്കാദമി, ടാഗോര്‍ ജയന്തിസമഗ്ര സംഭാവന പുരസ്കാരം, മികച്ച കോളജ് അധ്യാപകനുള്ള സെന്റ് ബര്‍ക്ക്മാന്‍സ് അവാര്‍ഡ്, യുഎസ് ഫെലോഷിപ്പ്, കലാമണ്ഡലം കൃഷ്ണന് നായര്‍ പുരസ്കാരം എന്നിവയ്ക്ക് അർഹനായി.
ദൂരദര്‍ശനില്‍ അഡ്വൈസറി കമ്മിറ്റി മെംബര്‍, ആകാശവാണി സെലക്ഷന് കമ്മിറ്റി മെംബര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പ്രശസ്ത കഥകളി നടനായിരുന്ന മാങ്കുളം വിഷ്ണു നമ്പൂതിരിയുടെയും സരസ്വതി അന്തർജനത്തിന്റെയും മകനാണ്.
ഭാര്യ: സുഭദ്രാദേവി. മക്കള്‍: ലതാ സനില്‍ (മാനേജര്‍ കാനറ ബാങ്ക്, മാവേലിക്കര), കവിതാ മാധവന് നമ്പൂതിരി. മരുമക്കള്‍: എന്‍. സനില്‍ (അധ്യാപകന്, പരുമല ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍), ഡോ.മാധവന് നമ്പൂതിരി (പ്രഫ. മണിപ്പാല്‍ യൂണിവേഴ്സിറ്റി).