ബൈക്ക് യാത്രികരായ യുവാക്കൾ ലോറി കയറി മരിച്ചു
Saturday, August 9, 2025 2:28 AM IST
ബാലുശേരി: റോഡിൽ വീണ ബൈക്ക് യാത്രികർക്ക് മുകളിലൂടെ ലോറി കയറി രണ്ടു യുവാക്കൾ മരിച്ചു. തുരുത്തിയാട് സ്വദേശികളായ സജിൻലാൽ (31), ബിജീഷ് (36) എന്നിവരാണ് മരിച്ചത്.
റോഡിലേക്ക് ബൈക്ക് യാത്രികർ വീണതിന് പിന്നാലെ ഇവരുടെ മുകളിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. ബാലുശേരി ഭാഗത്തുനിന്നു കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. യുവാക്കൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.
ബൈക്ക് യാത്രക്കാർ റോഡിൽ വീണുകിടക്കുന്നതും അവരുടെ മുകളിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുന്നതും തൊട്ടുപിന്നാലെ വന്ന വാഹനത്തിന്റെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. വീണുകിടക്കുന്ന ബൈക്ക് യാത്രക്കാരുടെ സമീപത്ത് മറ്റൊരു ബൈക്കും മറിഞ്ഞുകിടക്കുന്നുണ്ട്. അതേസമയം, എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല.
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നോ, അതോ റോഡിലെ കുഴിയിൽ വീണാണോ അപകടമുണ്ടായതെന്ന് കണ്ടെത്തേണ്ടതുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
കോളശേരി മീത്തൽ പരേതനായ ബാലനാണ് സജിൻലാലിന്റെ പിതാവ്. അമ്മ: ശാന്ത.
സഹോദരൻ: സബിൻ ലാൽ. കോളശേരി മീത്തൽ ബാലൻ നായരാണ് ബിജീഷിന്റെ പിതാവ്. അമ്മ: മാധവി അമ്മ.