പാതിവില തട്ടിപ്പ്: കുറ്റപത്രം നല്‍കാനൊരുങ്ങി അന്വേഷണസംഘം
Saturday, August 9, 2025 2:02 AM IST
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ കുറ്റപത്രം നല്‍കാനൊരുങ്ങി അന്വേഷണസംഘം. എന്‍ജിഒയുടെയും സിഎസ്ആര്‍ ഫണ്ടിന്റെയും മറവില്‍ മുഖ്യപ്രതികളായ അനന്തുകൃഷ്ണനും കെ.എന്‍. ആനന്ദകുമാറും 500 കോടി രൂപ തട്ടിയെടുത്തതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
നിലവില്‍ ജുഡീഷല്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ അനധികൃതമായി സമ്പാദിച്ച സ്വത്തുവകകള്‍ ബഡ്സ് നിയമം (ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ആക്ട്) ചുമത്തി കണ്ടുകെട്ടാനുള്ള നീക്കം ക്രൈംബ്രാഞ്ച് ആരംഭിച്ചു.
200ലധികം എന്‍ജിഒകളെ മറയാക്കിയായിരുന്നു പ്രതികളുടെ തട്ടിപ്പ്. ബോര്‍ഡ് അംഗങ്ങളെയടക്കം അന്വേഷണസംഘം ചോദ്യം ചെയ്തു. അതേസമയം, കേസില്‍ ആരോപണവിധേയരായ രാഷ്ട്രീയക്കാരില്‍നിന്ന് ക്രൈംബ്രാഞ്ച് ഇനിയും വിവരങ്ങള്‍ തേടിയിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 1,156 കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ലാപ്ടോപ്പും മറ്റും വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തെന്നു കാണിച്ച് മൂവാറ്റുപുഴ സീഡ് സൊസൈറ്റിയാണ് ആദ്യം പോലീസില്‍ പരാതി നല്‍കിയത്.
പോലീസിന്റെ അന്വേഷണത്തില്‍ സംസ്ഥാനവ്യാപകമായി നടന്ന കോടികളുടെ തട്ടിപ്പ് പിന്നീട് കണ്ടെത്തുകയായിരുന്നു. രാഷ്ട്രീയനേതാക്കളടക്കം ഇതിന്റെ ഭാഗമായിട്ടുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.