യൂറിയയും പൊട്ടാഷും കിട്ടാനില്ല; കർഷകർ പ്രതിസന്ധിയിൽ
Saturday, August 9, 2025 2:02 AM IST
വാഴക്കുളം: കാര്‍ഷികമേഖലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാസവളങ്ങളായ യൂറിയയും പൊട്ടാഷും ലഭിക്കാത്തതിനാൽ കര്‍ഷകര്‍ പ്രതിസന്ധിയിൽ.
യഥേഷ്ടം മഴ ലഭിക്കുന്ന സമയത്താണു കർഷകർ വളപ്രയോഗത്തിനു തെരഞ്ഞെടുക്കുക. അനുയോജ്യമായ ഈ സമയത്തു വളം ലഭിക്കാത്തത് കാർഷികമേഖലയെ പ്രത്യേകിച്ച് പൈനാപ്പിൾ കർഷകരെ പ്രതികൂലമായി ബാധിക്കുകയാണ്.
ഇതര രാസവളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന യൂറിയയും പൊട്ടാഷും കൃഷിയിടത്തില്‍ ഒഴിവാക്കാനാകാത്തവയാണ് എന്നിരിക്കേ വിപണിയിൽ യൂറിയയും പൊട്ടാഷും ഇല്ലാതായിട്ട് ഒരു മാസത്തിലേറെയായെന്നും കർഷകർ ആരോപിക്കുന്നു.
കേന്ദ്രസർക്കാർ സബ്സിഡി നിരക്കിലാണ് യൂറിയ ഉള്‍പ്പെടെയുള്ള രാസവളങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്നത്. യൂറിയ സബ്സിഡിയോടെ കിലോയ്ക്ക് അഞ്ചു രൂപ നിരക്കില്‍ വിപണിയില്‍ ലഭിക്കുമ്പോള്‍ സബ്സിഡി രഹിതമായി വിപണിവില കിലോയ്ക്കു 33 രൂപയാണ്. ആധാര്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ സബ്സിഡി വളങ്ങൾക്കു റേഷന്‍ സമ്പ്രദായമാണുള്ളത്.
പൊട്ടാഷിന്റെ വില 50 കിലോ ചാക്കിന് സബ്സിഡി കുറച്ച് 1,535 രൂപയായിരുന്നത് ഒരു മാസത്തിനുള്ളിൽ 1,800 ആയി ഉയർന്നു. ഈ വിലയ്ക്കും പൊട്ടാഷ് വിപണിയിൽ ലഭ്യമല്ല. ഇ-പോസ് മെഷീനില്‍ ആധാര്‍ നമ്പര്‍ നല്കി ഒരാള്‍ക്ക് 50 ചാക്ക് സബ്സിഡി വളങ്ങളാണു പ്രതിമാസം അനുവദിക്കുന്നത്.
ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കു മാത്രമേ ഇതേ നിരക്കില്‍ ലഭിക്കുന്ന വളം മതിയാവുകയുള്ളൂ. പൈനാപ്പിള്പോലെയുള്ള കൃഷിയിടങ്ങളില്‍ ഒരേക്കറിൽ ഒരു വളപ്രയോഗത്തിനു ശരാശരി 400 കിലോ വളം കര്‍ഷകര്‍ ഉപയോഗിക്കുന്നതായാണു കണക്ക്. ഒരേക്കറിൽ എണ്ണായിരം മുതൽ പതിനായിരം വരെ പൈനാപ്പിൾ ചെടികളാണു നടുന്നത്. ഒരു ചെടിക്ക് ഒരു വർഷം 60 ഗ്രാം രാസവളമാണ് ആവശ്യമുള്ളത്.
ചെടിയുടെ വളർച്ചയനുസരിച്ച് ഒരാണ്ടുവട്ടത്തിൽ മൂന്നു തവണയെങ്കിലും കർഷകർ വളം ചെയ്യുന്നു. എന്നാൽ, വളപ്രയോഗം ഒന്നു മതിയെന്നാണ് കാർഷിക സർവകലാശാലാ പഠനം. ഒരേക്കറിൽ പതിനായിരം കിലോ ജൈവവളവും ഇതോടൊപ്പം ഉപയോഗിക്കണമെന്നു സർവകലാശാല ശിപാർശ ചെയ്യുന്നു.
എന്നാൽ, ജൈവ വളപ്രയോഗം ലാഭകരമല്ലാത്തതിനാൽ കർഷകർ അളവ് പരിമിതപ്പെടുത്തുകയും ആ കുറവ് രാസവളത്തിൽ നികത്തുകയുമാണ് ചെയ്യുന്നത്. സർവകലാശാല പഠനമനുസരിച്ചാണ് സബ്സിഡി വളങ്ങൾ സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പൈനാപ്പിളിനു താരതമ്യേന ഉയർന്ന വില ലഭിക്കുന്നതിനാൽ കൂടുതൽ കർഷകർ പൈനാപ്പിൾ കൃഷിയിലേക്കു തിരിഞ്ഞിട്ടുണ്ട്. കൃഷിയുടെ വ്യാപ്തി വർധിച്ചതിന്റെ ശരിയായ കണക്കുകൾ സർക്കാർ രേഖകളിലില്ലാത്തതും വളം ദൗർലഭ്യത്തിനു കാരണമായിട്ടുണ്ടെന്ന് ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് തോട്ടുമാരിയിൽ പറഞ്ഞു.