ക്രൈസ്തവർക്കെതിരായ ആക്രമണം: പ്രധാനമന്ത്രിക്കു കത്തയച്ച് കത്തോലിക്ക കോൺഗ്രസ്
Saturday, August 9, 2025 2:28 AM IST
കൊച്ചി: കഴിഞ്ഞദിവസങ്ങളിൽ ഛത്തീസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ നടന്ന ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കത്തോലിക്ക കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ ഭരണഘടനയ്ക്കെതിരേയും ജനാധിപത്യത്തിന്റെ ആത്മാവിനു കളങ്കം ഏൽപ്പിക്കുന്നതുമാണെന്ന് കത്തിൽ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളോടുള്ള സംഘടിതമായ അനീതിക്കു മുന്നിൽ നിശബ്ദത പാലിക്കുന്നത് കുറ്റകരമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ കത്തിൽ വ്യക്തമാക്കി. വിശ്വാസികളുടെയും ക്രൈസ്തവസ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അക്രമികൾക്കെതിരേ ഉടൻ നിയമനടപടികൾ കൈക്കൊള്ളണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ക്രൈസ്തവർക്കെതിരേ രാജ്യത്തു നടക്കുന്ന വിവിധ പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. ആക്രമണങ്ങൾക്കെതിരേ ശക്തമായ പൊതുജന പ്രതികരണവും നീതി ഉറപ്പാക്കുന്ന സർക്കാർ ഇടപെടലും ആവശ്യമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവർത്തിച്ചു.