വൈദികർക്കുനേരേ ആക്രമണം; ആശങ്കയിൽ കുടുംബം
Saturday, August 9, 2025 2:30 AM IST
തൃശൂർ: ഒഡീഷയിൽ വൈദികർക്കുനേരേയുണ്ടായ ബജ്രംഗ്ദൾ ആക്രമണത്തിൽ വീട്ടുകാർ ആധിയിൽ. ആക്രമണത്തിനിരയായ ഒഡീഷയിലെ ജോഡ ഇടവക വികാരി ഫാ. ജോജോ വൈദ്യക്കാരൻ തൃശൂർ പാലയ്ക്കൽ സ്വദേശിയാണ്.
രാത്രി കുർബാന കഴിഞ്ഞുമടങ്ങുന്പോൾ തങ്ങളെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നു ഫാ. ജോജോ പറഞ്ഞെന്നു സഹോദരൻ വി. ബാബു ജോസഫ് പറഞ്ഞു.
ഉൾഗ്രാമത്തിൽ ആദിവാസി ഊരിലുള്ള പള്ളിയിൽ കുർബാന ചെല്ലാൻ പോയതാണ്. കുർബാന കഴിഞ്ഞ് ഭക്ഷണംകഴിച്ചിറങ്ങിയപ്പോൾ രാത്രി ഒന്‍പതായി. മതബോധന അധ്യാപകൻ ബൈക്കിലും രണ്ടു കന്യാസ്ത്രീകളും രണ്ടു വൈദികരും കാറിലുമാണു പോയത്.
രാത്രി ഒന്‍പതോടെ ഗ്രാമത്തിൽനിന്ന് അര കിലോമീറ്റർ അകലെ വനപ്രദേശത്ത് എഴുപതോളം പേർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബൈക്കിലുണ്ടായിരുന്ന മതാധ്യാപകനെ ഉപദ്രവിച്ചു. ഷർട്ട് വലിച്ചുകീറി. ഫാ. ജോജോ സഞ്ചരിച്ച കാറിലുള്ളവരുമായി പിടിവലിയുണ്ടായി. മൊബൈൽ ഫോണ്‍ പിടിച്ചെടുത്തു.
ഇതിനിടെ ആരോ പോലീസിൽ അറിയിച്ചു. കന്യാസ്ത്രീകളെ രക്ഷിച്ചത് ആ ഗ്രാമത്തിലെ ആദിവാസിസ്ത്രീകളാണ്. ഇപ്പോൾ അവർക്കു കുഴപ്പമില്ലെങ്കിലും വരുംദിവസങ്ങളിൽ അവർക്കു സ്വതന്ത്രമായി നടക്കണമെന്നും 40 വർഷമായി ഒഡീഷയിൽ മിഷനറി പ്രവർത്തനങ്ങൾ നടത്തുകയാണു ഫാ. ജോജോയെന്നും സഹോദരൻ പറഞ്ഞു.
കഴിഞ്ഞ മേയിലാണ് അവസാനമായി നാട്ടിലെത്തിയത്. ഇനി എപ്പോൾ വരാൻ കഴിയുമെന്ന് അറിയില്ലെന്നും ബാബു ജോസഫ് പറഞ്ഞു.