പത്താംക്ലാസ് വിദ്യാര്‍ഥിയെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചു വഴിയില്‍ തള്ളി
Saturday, August 9, 2025 2:02 AM IST
കാഞ്ഞങ്ങാട്: പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്നു പത്താംക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ചു വഴിയില്‍ തള്ളി. ബല്ല ഈസ്റ്റ് ജിഎച്ച്എസ്എസില്‍ വ്യാഴാഴ്ച വൈകുന്നേരമാണു സംഭവം. മര്‍ദനമേറ്റ വിദ്യാര്‍ഥിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ജൂലൈ 15നു പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു കൊവ്വപള്ളിയിലെ ടര്‍ഫില്‍ വച്ച് പോലീസ് പിന്തുടര്ന്ന് പിടികൂടിയിരുന്നു.
പത്താംക്ലാസുകാരനായ വിദ്യാര്‍ഥിയാണു തന്നെ കാണിച്ചുകൊടുത്തതെന്ന വിരോധത്തില്‍ ദിവസങ്ങളായി ഈ വിദ്യാര്‍ഥിയെ ഇന്‍സ്റ്റഗ്രാം വഴിയും നേരിട്ടും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് സ്കൂളില്‍നിന്ന് കെഎസ്ആര്‍ടിസി ഡിപ്പോയിലേക്കുള്ള ഇടവഴിലേക്ക് കൂട്ടിക്കൊണ്ടുപോയി ഏഴംഗസംഘം ക്രൂരമായി മര്‍ദിച്ചത്.
മര്‍ദനമേറ്റു ബോധം നശിക്കുകയും തലയ്ക്കും കൈക്കും താടിയെല്ലിനും നാവിനും പരിക്കേല്‍ക്കുകയും ചെയ്തു. ഇടവഴിയിലൂടെ വഴിയാത്രക്കാര്‍ വരുന്നത് കണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പത്താംക്ലാസുകാരനെ വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇതേ സ്കൂളില്‍ രണ്ടുദിവസം മുമ്പ് പ്ലസ് വണ്‍- പ്ലസ്ടു വിദ്യാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ രക്ഷിതാക്കള്‍ ഹൊസ്ദുര്‍ഗ് പോലീസിന് പോലീസില്‍ പരാതി നല്കി. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.