ഫാ. ലിജോയുടെ വീട് സന്ദർശിച്ച് മന്ത്രി വാസവൻ
Saturday, August 9, 2025 2:28 AM IST
കുറവിലങ്ങാട്: അച്ഛൻ പേടിക്കേണ്ട, കേരളം മുഴുവൻ കൂടെയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഒഡീഷ മുഖ്യമന്ത്രിയെ വിളിച്ച് സംസാരിക്കും. എംപിമാരായ ജോസ് കെ. മാണിയും ജോൺ ബ്രിട്ടാസും അച്ചനെ കാണാനെത്തും.
കേരള സർക്കാർ അച്ചന്റെ ഒപ്പമുണ്ടെന്ന് ഉറപ്പാണ്. ബജ്രംഗ്ദൾ പ്രവർത്തകരുടെ അക്രമത്തിനിരയായ ഫാ. ലിജോയുടെ ഫോണിൽ നിരപ്പിൽ വീട്ടിലെത്തിയ മന്ത്രി വി.എൻ. വാസവൻ നൽകിയ ഉറപ്പും ആശ്വാസവും ഇങ്ങനെ നീളുകയായിരുന്നു.
എല്ലാറ്റിനും നന്ദി സർ എന്ന മറുപടിയായിരുന്നു അങ്ങേതലയ്ക്കൽനിന്നു കേട്ടത്. അക്രമവിവരങ്ങൾ മുഴുവൻ ലിജോ അച്ഛനോട് ചോദിച്ചറിഞ്ഞ മന്ത്രി കുടുംബാംഗങ്ങളേയും ആശ്വസിപ്പിച്ചു. എല്ലാറ്റിനും സംസ്ഥാനസർക്കാരുണ്ടെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.
ഛത്തീസ്ഗഡിൽ കന്യാസ്ത്രികളെ ജയിലടച്ചപ്പോൾ ഭരണഘടനയാണ് കൽത്തുറുങ്കലിൽ അടയ്ക്കപ്പെട്ടതെന്ന് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. തിരുവസ്ത്രത്തെ അപമാനിക്കുന്ന സംഭവങ്ങൾ പ്രതിഷേധാർഹമാണ്.
ബിജെപി സർക്കാർ ന്യൂനപക്ഷങ്ങൾക്കു നേരേ നടത്തുന്ന അക്രമങ്ങൾ അതിന്റെ എല്ലാ പരിധിയും ലംഘിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഒഡീഷയിൽ അക്രമം നടത്തിയ ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരേ ഇനിയും കേസെടുക്കാത്തതിൽ ജനാധിപത്യവിശ്വാസികളുടെ പ്രതിഷേധം ഉയരണമെന്നും മന്ത്രി പറഞ്ഞു.