കെഎസ്ആർടിസി ക്രിക്കറ്റ് ടീം രൂപീകരിക്കുന്നു
Saturday, August 9, 2025 2:02 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി ക്രിക്കറ്റ് ടീം രൂപീകരിക്കുന്നു. ഇതിനുള്ള നിർദേശം മന്ത്രി കെ.ബി. ഗണേശ് കുമാർ സിഎംഡി പ്രമോജ് ശങ്കറിന് നല്കി. ദീർഘമായ ഒരിടവേളയ്ക്കു ശേഷമാണ് കെഎസ്ആടി സി വീണ്ടും കായിക രംഗത്തേക്ക് എത്തുന്നത്.
കെഎസ്ആർടിസിക്ക് മുമ്പ് മികച്ച വോളിബോൾ ടീമും ഫുട്ബോൾ ടീമും ഉണ്ടായിരുന്നു. അഖിലേന്ത്യാ തലത്തിൽ നടത്തിയിരുന്ന പല ടൂർണമെന്റുകളിലും കെഎസ്ആർടിസിയുടെ വോളിബോൾ ടീമും ഫുട്ബോൾ ടീമും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ജീവനക്കാരായിരുന്നു പ്രധാനമായും കളിക്കാരായിരുന്നത്. യൂണിറ്റ് തലത്തിൽ കലാ- സാംസ്കാരിക പ്രവർത്തനവും ഉണ്ടായിരുന്നു. അതെല്ലാം പിന്നീട് നിലയ്ക്കുകയായിരുന്നു.
അടുത്ത കാലത്തായി തിരുവനന്തപുരം ചലഞ്ചേഴ്സ് കെഎസ്ആർടിസിയിലെ ക്രിക്കറ്റ് ടീമുകൾക്കായി ഒരു ടൂർണമെന്റ്നടത്തിയിരുന്നു. 40 യൂണിറ്റുകളിൽ നിന്നുള്ള ടീമുകൾ ഈ ടൂർണമെന്റിൽ മത്സരിച്ചു.
കെഎസ്ആർടിസിയിൽ മികച്ച കളിക്കാരുണ്ടെന്ന കണ്ടെത്തലും ഈ കാലഘട്ടത്തിൽ ജനകീയമായ കായിക വിനോദം ക്രിക്കറ്റ് ആയതിനാലുമാണ് ക്രിക്കറ്റ് ടീം രുപീകരിക്കാൻ മന്ത്രി മുന്നിട്ടിറങ്ങിയത്.