അമ്മയ്ക്കു പിന്നാലെ അന്നമോളും യാത്രയായി
Saturday, August 9, 2025 4:47 AM IST
പാലാ: മുണ്ടാങ്കലിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനിയും മരണത്തിനു കീഴടങ്ങി. പ്രവിത്താനം അല്ലാപ്പാറ പാലക്കുഴിക്കുന്നേല്‍ സുനിലിന്റെ മകള്‍ അന്നമോൾ (11) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരണം മൂന്നായി.
തലച്ചോറിനും ആന്തരികാവയങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റ് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വെന്റിലേറ്ററിലായിരുന്നു അന്നമോള്. സംസ്കാരം പിന്നീട്. അപകടത്തില്‍ അന്നയുടെ അമ്മ ജോമോള്‍(35), മേലുകാവുമറ്റം നെല്ലന്‍കുഴിയില്‍ ധന്യ സന്തോഷ് (38) എന്നിവര്‍ സംഭവ ദിവസം തന്നെ മരിച്ചിരുന്നു.
ജോമോളുടെ സംസ്കാരം വ്യാഴാഴ്ചയായിരുന്നു നടന്നത്. ഇതോടെ ഭാര്യയും എക മകളും നഷ്ടമായ സുനില്‍ തനിച്ചായി. പാലാ സെന്റ് മേരീസ് ഗേള്‍സ് എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.
അന്നമോളെ സ്കൂളിലാക്കാന്‍ സ്കൂട്ടറില്‍ പോകുന്നതിനിടെ ഇക്കഴിഞ്ഞ അഞ്ചിന് രാവിലെ 9.20ന് മുണ്ടാങ്കല്‍ ഭാഗത്ത് എതിര് ദിശയില്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.
അന്നമോളുടെ കണ്ണുകള്‍ മറ്റുള്ളവര്‍ക്ക് വെളിച്ചമാകും
പാലാ മുണ്ടാങ്കലിലെ വാഹനാപകടത്തില്‍ മരിച്ച 11കാരി അന്നമോളുടെ കണ്ണുകള്‍ ഇനി മറ്റുള്ളവരിലൂടെ കാഴ്ചകള്‍ കാണും.
തന്റെ ഏക മകളുടെ തലച്ചോറിനു പരിഹരിക്കാനാവാത്തവിധം തകരാര്‍ സംഭവിച്ചെന്ന് അറിഞ്ഞ പിതാവ് സുനിലാണ് മകളുടെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന് താത്പര്യം അറിയിച്ചത്.