ഇടുക്കിയിൽ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവൽ പിന്നിട്ടു
Saturday, August 9, 2025 2:28 AM IST
തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവൽ മറികടന്നു. ഇന്നലെ വൈകുന്നേരം ആറിന് ജലനിരപ്പ് 2377.16 അടിയാണ്. ഇതു സംഭരണശേഷിയുടെ 71 ശതമാനമാണ്.
കഴിഞ്ഞ വർഷം ഇതേ ദിവസം 2366.09 അടിയായിരുന്നു ജലനിരപ്പ്. മുൻ വർഷത്തെ അപേക്ഷിച്ച് 9.50 അടി വെള്ളം നിലവിൽ കൂടുതലുണ്ട്. ജലനിരപ്പ് 2381.53 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും 2382.53 അടിയിലെത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. 2383.53 അടിയാണ് റൂൾ ലെവൽ.
നിലവിലെ റൂൾകർവനുസരിച്ച് 6.37 അടി വെള്ളംകൂടി ഉയർന്നാൽ അണക്കെട്ട് തുറക്കേണ്ടിവരും. അതേസമയം വൈദ്യുതി വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി നിലവിൽ 76ശതമാനം വെള്ളമുണ്ട്. സംസ്ഥാനത്തെ ഒന്പത് അണക്കെട്ടുകളിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവലിലാണ്. ഇടുക്കി, കുറ്റ്യാടി അണക്കെട്ടുകളിലെ ജലനിരപ്പ് ബ്ലു അലർട്ട് ലെവലിലുമാണ്.
സംസ്ഥാനത്ത് രണ്ടുദിവസമായി മഴ കുറഞ്ഞതിനാൽ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിന്റെ ശക്തിയും കുറഞ്ഞിട്ടുണ്ട്.