മെമ്മറി കാര്‍ഡ് വിവാദം: കുക്കു പരമേശ്വരനെതിരേ പരാതിയുമായി നടിമാര്‍
Saturday, August 9, 2025 2:02 AM IST
കൊച്ചി: വീഡിയോ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് സംബന്ധിച്ച് മുഖ്യമന്ത്രിക്കടക്കം പരാതി നല്കി നടി ഉഷ ഹസീന.
മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മലയാളസിനിമയിലെ നടിമാര്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ നടി കുക്കു പരമേശ്വരന് വിളിച്ച യോഗത്തില്‍ നടിമാരുടെ അനുഭവങ്ങള്‍ പകര്‍ത്തിയ മെമ്മറി കാർഡ് സംബന്ധിച്ചാണു പരാതി.
നേരത്തേ ‘അമ്മ’യില്‍ മാത്രം പരാതി നല്‍കാനിരിക്കേ, മെമ്മറി കാര്‍ഡ് വിവാദത്തില്‍ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നതായി കാണിച്ച് കുക്കു പരമേശ്വരന് ഡിജിപിക്കു പരാതി നല്കിയ പശ്ചാത്തലത്തിലാണ് ഉഷ ഹസീനയുടെ പരാതി.
മുഖ്യമന്ത്രിക്കുപുറമെ ഡിജിപിക്കും താരസംഘടനയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. നടിമാരായ ലക്ഷ്മിപ്രിയ, പ്രിയങ്ക എന്നിവരും ചേര്‍ന്നാണ് സംഘടനയ്ക്കു പരാതി നല്‍കിയിട്ടുള്ളത്. മെമ്മറി കാര്‍ഡ് എവിടെയെന്നു വ്യക്തമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
2019ലായിരുന്നു സംഭവം. അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു യോഗം വിളിച്ചതെന്നാണ് കുക്കു പരമേശ്വരന് പറഞ്ഞിരുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത നടിമാര്‍ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ ഇടവേള ബാബുവിന്റെയടക്കം പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്ന സാഹചര്യത്തില്‍ ആരുടെ നിര്‍ദേശപ്രകാരമാണു യോഗം വിളിച്ചതെന്നുള്ള കാര്യങ്ങളും അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.