വേതനവർധന: ആശാ വർക്കർമാർ എൻഎച്ച്എം ഓഫീസിലേക്ക് മാർച്ച് നടത്തും
Saturday, August 9, 2025 2:02 AM IST
തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇൻസെന്റീവ് വർധനയും മറ്റ് ആനുകൂല്യങ്ങളും ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ 20ന് ദേശീയ ആരോഗ്യ മിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തും. സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന രാപകൽ സമരത്തിന്റെ തുടർച്ചയായാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുക, ഇൻസന്റീവ് വർധന ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും ഉടനടി നടപ്പിലാക്കുക, ഇൻസന്റീവിൽ മാനദണ്ഡം ഉൾപ്പെടുത്തി ഓണറേറിയം വെട്ടിക്കുറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക, പിടിച്ചു വച്ച തുക ഉടനടി വിതരണം ചെയ്യുക, ഫെബ്രുവരിമാസത്തെ തടഞ്ഞുവച്ച വേതനം ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷൻ നേതാക്കൾ അറിയിച്ചു.
ഇൻസന്റീവ് വർധനയുടെ തീരുമാനം പാർലമെന്റിലടക്കം അവതരിപ്പിച്ച് എൻഎച്ച്എം ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടും അത് കള്ളമാണെന്നു പ്രചരിപ്പിച്ചു തടിതപ്പാനാണ് സർക്കാർ ശ്രമിക്കുന്നത്.
വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപയും ഓണറേറിയം വർധനയും ഉടൻ പ്രഖ്യാപിച്ച് സമരം ജനാധിപത്യപരമായ രീതിയിൽ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക എന്നതാണ് ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന സർക്കാർ ചെയ്യേണ്ടത്. അത്തരം ഒരു തീരുമാനം ഉണ്ടാകുന്നതുവരെ ആശ വർക്കർമാർ സമരത്തിൽ അടിയുറച്ച് നിൽക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.