കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതകമ്പിയിൽനിന്നു ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
Saturday, August 9, 2025 2:28 AM IST
എരുമപ്പെട്ടി (തൃശൂർ): കുണ്ടന്നൂരിൽ കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതകമ്പിയിൽനിന്നു ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനും ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു. കുണ്ടന്നൂർ തെക്കേക്കര മാളിയേക്കൽ ബെന്നിയുടെ ഭാര്യ ജൂലി (48)യാണ് ഷോക്കേറ്റു മരിച്ചത്.
ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം. വീടിനോടുചേർന്നുള്ള കൃഷിയിടത്തിൽ തേങ്ങ ശേഖരിക്കാൻ പോയതായിരുന്നു ജൂലി.
പറമ്പിലെ മോട്ടോർപുരയിലേക്കു പോയിരുന്ന വൈദ്യുതകമ്പി പൊട്ടി താഴെ വീണുകിടന്നിരുന്നു. കാടുപിടിച്ചു കിടന്നിരുന്നതിനാൽ പൊട്ടിവീണ വൈദ്യുതകമ്പി ജൂലി കണ്ടിരുന്നില്ല. ഇതിൽനിന്നാണു ജൂലിക്കു ഷോക്കേറ്റത്.
പറമ്പിലേക്കുപോയ ജൂലി തിരിച്ചെത്താത്തതിനെതുടർന്ന് ഭർത്താവ് ബെന്നി ചെന്നുനോക്കുകയായിരുന്നു. ഷോക്കേറ്റുകിടന്ന ജൂലിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ബെന്നിക്കും ഷോക്കേറ്റു. തെറിച്ചുവീണതിനാൽ ബെന്നി അദ്ഭുതകരമായി രക്ഷപ്പെട്ടു.
പരിക്കേറ്റ ജൂലിയെ നാട്ടുകാരുടെ സഹായത്തോടെ ഉടൻതന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വടക്കാഞ്ചേരി പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മക്കൾ: ബെൻ സാംസൺ, അഞ്ജു മെറിൻ.