സബ് രജിസ്ട്രാർ ഓഫീസുകൾ നന്നാകില്ല; ഒറ്റദിവസത്തെ റെയ്ഡിൽ കണ്ടെത്തിയത് 12 ലക്ഷത്തിന്റെ അഴിമതി!
Saturday, August 9, 2025 3:10 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥരും ഏജന്റുമാരും ചേർന്നു വ്യാപക അഴിമതിയും ക്രമക്കേടും നടത്തുന്നതായി കണ്ടെത്തി. ‘ഓപ്പറേഷൻ സെക്യുർ ലാൻഡ്’ എന്ന പേരിൽ ഒറ്റ ദിവസം നടത്തിയ പരിശോധനയിൽ 12 ലക്ഷത്തോളം രൂപയുടെ അഴിമതിയും ക്രമക്കേടുമാണു കണ്ടെത്തിയത്.
ഉദ്യോഗസ്ഥർക്കു കൈക്കൂലി പണവുമായി എത്തിയ 15 ഏജന്റുമാരിൽ നിന്ന് 1.46 ലക്ഷം രൂപ പിടിച്ചെടുത്തു. ഏഴു സബ് രജിസ്ട്രാർ ഓഫീസുകളിലെ റെക്കോർഡ് റൂമിൽ ഒളിപ്പിച്ചുവച്ച കൈക്കൂലിപ്പണമായ 37,850 രൂപ കണ്ടെടുത്തു.
നാല് ഉദ്യോഗസ്ഥരിൽനിന്ന് കണക്കിൽപ്പെടാത്ത 15,190 രൂപ പിടിച്ചെടുത്തു. വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിലെ 19 ഉദ്യോഗസ്ഥർ വിവിധ ആധാരമെഴുത്തുകാരുടെ പക്കൽനിന്ന് 9.65 ലക്ഷം രൂപ യുപിഐ വഴി കൈക്കൂലിയായി കൈപ്പറ്റിയതായും വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
കൈക്കൂലി ഗൂഗിൾ പേ വഴിയും
തിരുവനന്തപുരം കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥനിൽ നിന്ന് കണക്കിൽപ്പെടാത്ത 8,500 രൂപ പിടിച്ചെടുത്തു. കോന്നി സബ് രജിസ്ട്രാർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് പണം കൈമാറാൻ എത്തിയ ഏജന്റിൽനിന്ന് 11,500 രൂപയും ഓഫീസിലെ റിക്കാർഡ് റൂമിലെ രജിസ്റ്ററുകളുടെ ഇടയിൽ സൂക്ഷിച്ച 24,300 രൂപയും പിടിച്ചു.
പത്തനംതിട്ട സബ് രജിസ്ട്രാർ ഓഫീ സിലെ റിക്കാർഡ് റൂമിലെ രജിസ്റ്ററുകളുടെ ഇടയിൽ സൂക്ഷിച്ച കണക്കിൽപ്പെടാത്ത 6,500 രൂപ പിടിച്ചെടുത്തു. ചെങ്ങന്നൂരിൽ ആധാരമെഴുത്തുകാരന്റെ പക്കൽനിന്ന് 2000 രൂപ ഉദ്യോഗസ്ഥൻ ഗൂഗിൾ പേ വഴി കൈപ്പറ്റി.
ദേവികുളത്ത് ആധാരമെഴുത്തുകാരനിൽനിന്ന് 91,500 രൂപ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ വഴി കൈപ്പറ്റി. പീരുമേട്ടിലെ റിക്കാർഡ് റൂമിൽനിന്ന് 700 രൂപയും ഉടുന്പൻചോല ഓഫീസിലെ ആധാരമെഴുത്തുകാരനിൽനിന്ന് 15,000 രൂപ ഉദ്യോഗസ്ഥൻ ഗൂഗിൾ പേയായി കൈക്കൂലി കൈപ്പറ്റിയതായും കണ്ടെത്തി.
ആലുവ സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി പണം കൈമാറാനെത്തിയ ഏജന്റിൽനിന്ന് 9,500 രൂപയും ഉദ്യോഗസ്ഥന്റെ പക്കൽനിന്നു കണക്കിൽപ്പെടാത്ത പണവും പിടിച്ചെടുത്തു.
കൊച്ചി സബ് രജിസ്ട്രാർ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി ആധാരമെഴുത്തുകാർ 18,800 രൂപയും തൃപ്പൂണിത്തുറയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി 30,610 രൂപയും കൈക്കൂലിയായി അയച്ച് നൽകിയതും മിന്നൽ പരിശോധനയിൽ കണ്ടെത്തി.
കണ്ടെത്തലുകൾ
►സബ് രജിസ്ട്രാർ ഓഫീസുകളിലെ ഭൂമി ഇടപാടിന്റെ ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ഉദ്യോഗസ്ഥർ ആധാരമെഴുത്തുകാരെ ഏജന്റുമാരാക്കി ജനങ്ങിൽനിന്ന് കൈക്കൂലി കൈപ്പറ്റുന്നു.
►ഭൂമി രജിസ്ട്രേഷനായി ആധാരം എഴുത്തുകാരെ സമീപിക്കുന്നവരിൽ നിന്ന് എഴുത്തുകൂലിക്ക് പുറമേ സബ് രജിസ്ട്രാർ ഓഫീസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലിക്കുള്ള പണവും ചോദിച്ചു വാങ്ങുന്നു.
►ഫെയർ വാല്യു നിശ്ചയിച്ചിട്ടില്ലാത്ത ഭൂമിയുടെ രജിസ്ട്രേഷനിൽ വിൽപ്പന വില കുറച്ച് കാട്ടി ആധാരം രജിസ്ട്രേഷൻ നടത്തുന്നു.
►വസ്തു നിലനിൽക്കുന്ന റവന്യു ജില്ലയിലെ ഏത് രജിസ്ട്രാർ ഓഫീസിലും രജിസ്ട്രേഷൻ ചെയ്യാമെന്ന പദ്ധതി മുതലെടുത്ത് അഴിമതിയും ക്രമക്കേടും നടക്കുന്നു.
►പദ്ധതിയുടെ മറവിൽ ഫ്ളാറ്റുകളുടെയും മറ്റും വില കുറച്ചുകാട്ടി അഴിമതിക്കാരുള്ള ഓഫീസുകൾ വഴി രജിസ്ട്രേഷൻ നടത്തി രജിസ്ട്രേഷൻ ഫീസിലും സ്റ്റാന്പ് ഡ്യൂട്ടിയിലും വെട്ടിപ്പ് നടത്തുന്നു.
ആർടി ഓഫീസിനെ വെല്ലുന്ന അഴിമതി
തിരുവനന്തപുരം: രണ്ടാഴ്ച മുൻപാണ് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ റീജണൽ ട്രാൻസ്പോർട്ട്, സബ് ട്രാൻസ്പോർട്ട് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ് നടത്തി വൻ ക്രമക്കേടുകൾ കണ്ടെത്തിയത്. ഒരു ദിവസം നടത്തിയ റെയ്ഡിൽ ആർടി-സബ് ആർടി ഓഫീസുകളിൽ 11 ലക്ഷത്തോളം രൂപയുടെ അഴിമതിയും ക്രമക്കേടുമാണ് വിജിലൻസ് കണ്ടെത്തിയത്.
എന്നാൽ, വ്യാഴാഴ്ച വൈകുന്നേരം മുതൽ രാത്രി വരെ ഭൂമി ഇടപാടുകൾ അടക്കം നടക്കുന്ന സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ അഴിമതിയുടെ വ്യാപ്തി മോട്ടോർ വാഹന വകുപ്പിനെയും വെല്ലുന്നതാണെന്നു കണ്ടെത്തി.
പ്രാഥമിക പരിശോധനയിൽ മാത്രം 12 ലക്ഷത്തിലേറെ രൂപയുടെ അഴിമതിയും ക്രമക്കേടുമാണു കണ്ടെത്തിയത്. കൂടുതൽ ഗൂഗിൾ പേ- ബാങ്ക് ഇടപാടുകൾ കണ്ടെത്താൻ ഇരിക്കുന്നതേയുള്ളൂ.
രണ്ട് സർക്കാർ ഓഫീസുകളിലും ഏജന്റുമാരെ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ അഴിമതി നടത്തിയിരുന്നതെന്നാണു വിജിലൻസ് കണ്ടെത്തിയത്.
മോട്ടോർ വാഹന വകുപ്പിൽ ആർടി ഏജന്റുമാരാണ് ഇടനിലക്കാരെങ്കിൽ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരമെഴുത്തുകാരാണ് ഇടനിലക്കാരായി പ്രവർത്തിക്കുന്നതെന്നാണു കണ്ടെത്തൽ. സംസ്ഥാനത്തെ 72 സബ് രജിസ്ട്രാർ ഓഫീസുകളിലായിരുന്നു പരിശോധന. എല്ലായിടത്തും ഗൂഗിൾ പേ ഇടപാട് വഴി അഴിമതിപ്പണം കൈമറിഞ്ഞതായും കണ്ടെത്തി.
വയനാട് സുൽത്താൻ ബത്തേരിയിലെ ഒരു ഉദ്യോഗസ്ഥൻ 3.37 ലക്ഷം രൂപ ആധാരമെഴുത്തുകാരിൽനിന്നു കൈക്കൂലിയായി കൈപ്പറ്റി. മറ്റൊരു ജില്ലയിലെ ഉദ്യോഗസ്ഥന്റെ ഗൂഗിൾ പേ അക്കൗണ്ടിൽ രണ്ട് ആധാരമെഴുത്തുകാരിൽനിന്നു മാത്രമായി 1.06 ലക്ഷം കൈക്കൂലി വാങ്ങി.
മറ്റൊരിടത്ത് മൂന്ന് ഉദ്യോഗസ്ഥർക്ക് ആധാരമെഴുത്തുകാർ 1.03 ലക്ഷം രൂപ ഗൂഗിൾ പേ വഴി അയച്ചു നൽകിയതായും കണ്ടെത്തി. പല ഓഫീസുകളിലും പ്രതിദിനം പതിനായിരക്കണക്കിനു രൂപയാണ് കൈക്കൂലിയായി ഒഴുകുന്നത്.
റിക്കാർഡ് റൂമിൽ രജിസ്റ്ററുകൾക്ക് ഇടയിൽ ഒളിപ്പിച്ച അഴിമതിപ്പണവും പലയിടത്തും വ്യാപകമായി പിടിച്ചെടുത്തു. കാസർഗോഡ് ബദിയടുക്ക സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥൻ ആധാരമെഴുത്തുകാരിൽനിന്ന് ഗൂഗിൾ പേ വഴി കൈക്കൂലിയായി 1.89 ലക്ഷം രൂപ വാങ്ങിയതും കണ്ടെത്തി.
ആധാരമെഴുത്തുകാരെ ഏജന്റുമാരാക്കി സബ് രജിസ്ട്രാർ ഓഫീസ് ഉദ്യോഗസ്ഥർ ജനങ്ങളിൽനിന്നു വ്യാപകമായി കൈക്കൂലി വാങ്ങുന്നതു വിജിലൻസ് ഗൗരവത്തിൽ കാണുന്നെന്നും മിന്നൽ പരിശോധനയുടെ ഭാഗമായുള്ള തുടർപരിശോധന വരും ദിവസങ്ങളിൽ തുടരുമെന്നും ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അടക്കം ശേഖരിച്ച് വിശദപരിശോധന നടത്തുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം പറഞ്ഞു.