ആക്രമിക്കപ്പെടുന്നതു രാജ്യത്തിന്റെ ഭരണഘടനകൂടി: മാർ താഴത്ത്
Saturday, August 9, 2025 2:30 AM IST
തൃശൂർ: ഒഡീഷയിൽ കന്യാസ്ത്രീമാർക്കും വൈദികർക്കും നേരേ ഉണ്ടായ ആക്രമണത്തിൽ അക്രമികൾക്കെതിരേ നടപടിയെടുക്കണമെന്നു സിബിസിഐ അധ്യക്ഷനും തൃശൂർ അതിരൂപത ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു
. ആക്രമിക്കപ്പെടുന്നതു ക്രൈസ്തവ ന്യൂനപക്ഷം മാത്രമല്ല, രാജ്യത്തിന്റെ ഭരണഘടനകൂടിയാണ്. കൃത്യമായ നടപടികൾ ഇല്ലാത്തതു കൂടുതൽ ആക്രമണങ്ങൾക്കു വഴിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ കുർബാനയ്ക്കും പള്ളിയുടെ ജൂബിലിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കുമാണ് അവർ പോയത്. എന്നാൽ, മതപരിവർത്തനമാണ് അക്രമികൾ ആരോപിച്ചത്. ആക്രമിക്കപ്പെട്ട മലയാളി വൈദികനുമായി സംസാരിച്ചു.
ഛത്തീസ്ഗഡിലെ കന്യാസ്ത്രീമാർക്കെതിരായ കേസ് റദ്ദാക്കണം. ഭരിക്കുന്ന പാർട്ടിക്കും പ്രതിപക്ഷത്തിനും ഇതിന് ഉത്തരവാദിത്വമുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ള ക്രൈസ്തവർ പേടിയോടെയാണു കഴിയുന്നത്. ആ സാഹചര്യം ഇല്ലാതാവണം. ഇതിനുമുന്പ് മൂന്നു തവണ പ്രധാനമന്ത്രിയെ കണ്ടപ്പോൾ ഈ കാര്യം പറഞ്ഞിരുന്നുവെന്നും മാർ താഴത്ത് വ്യക്തമാക്കി.