ചുവപ്പു പടർന്ന് ഒാഹരിവിപണി
Saturday, August 9, 2025 12:36 AM IST
മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്നലെ കൂപ്പുകുത്തി. ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ ആറാം ആഴ്ചയിലാണ് നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കുന്നത്.
ആഗോള, ആഭ്യന്തര പ്രതിസന്ധികൾക്കിടെ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതികൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം തീരുവയും വിദേശ നിക്ഷേപരുടെ പിൻവാങ്ങലും കന്പനികളുടെ ആദ്യപാദത്തിലെ വരുമാനത്തിലുണ്ടായ കുറവും വിപണിയെ ബാധിച്ചു.
വ്യാഴാഴ്ച നഷ്ടത്തിലേക്കു നീങ്ങിയ വിപണി അവസാന മണിക്കൂറിൽ വാങ്ങലുകൾ ഉയർന്നതോടെ തിരിച്ചുകയറുകയായിരുന്നു. എന്നാൽ, ഇന്നലെ ഇതു സംഭവിച്ചില്ല. പോസിറ്റീവ് വാർത്തകൾ വരാതിരുന്നതോടെ സെൻസെക്സ് 80,000 പോയിന്റിന് താഴെയായി. 765.47 പോയിന്റ് (0.95%) താഴ്ന്ന് 79,857.79ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 232.85 പോയിന്റ് താഴ്ന്ന് 24,363.30ൽ വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇ മിഡ്കാപ് സൂചികയിൽ 1.56 ശതമാനവും സ്മോൾകാപ്പിൽ 1.03 ശതമാനവും താഴ്ചയുമുണ്ടായി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം 445 ലക്ഷം കോടി രൂപയിൽ നിന്ന് 440 ലക്ഷം കോടിയായി താഴ്ന്നു.
സെൻസെക്സിൽ ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുടെ ഓഹരികളിലാണ് നഷ്ടമുണ്ടായവയിൽ മുന്നിലുള്ളത്. എൻടിപിസി, ടൈറ്റൻ, ട്രെന്റ്, ബജാജ് ഫിൻസെർവ് എ്ന്നിവയുടെ ഓഹരികൾക്ക് നേട്ടമുണ്ടാക്കി.
എക്സ്ചേഞ്ച് കണക്കുകൾ പ്രകാരം വിദേശ നിക്ഷേപക സ്ഥാപനങ്ങൾ 4997.19 കോടി രൂപ മൂല്യമുള്ള ഓഹരികൾ വിറ്റഴിച്ചു. എന്നാൽ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ കഴിഞ്ഞ വ്യാപാരത്തിൽ 10,864.04 കോടി രൂപയുടെ ഓഹരികൾ വാങ്ങി.