വിപണിയിൽ തിരിച്ചുവരവ്
Thursday, August 7, 2025 11:55 PM IST
മുംബൈ: തുടർച്ചയായ രണ്ടു ദിവസത്തെ നഷ്ടങ്ങൾക്കുശേഷം ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ നേട്ടത്തിലെത്തി.
ഇന്ത്യയുടെ യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കും 25 ശതമാനം അധിക തീരുവ പ്രസിഡന്റ് ട്രംപ് ചുമത്തിയത് നിക്ഷേപകരുടെ വാങ്ങൽ വികാരത്തെ ബാധിച്ച് വീണ്ടും നഷ്ടത്തെ ഉറ്റുനോക്കിയ വിപണിയിൽ അവസാന മണിക്കൂറുകളിലെ വാങ്ങലുകളാണ് മുന്നേറ്റം നല്കിയത്.
ഇന്നലെ വ്യാപാരത്തിനിടെ 926 പോയിന്റോളം താഴ്ന്ന 30 ഓഹരികളുടെ ബിഎസ്ഇ സെൻസെക്സ് 79.27 പോയിന്റ് (0.10%) നേട്ടത്തോടെ 80,623.26ൽ വ്യാപാരം പൂർത്തിയാക്കി. ഇന്നലെ വ്യാപാരത്തിന്റെ ഭൂരിഭാഗം സമയവും നഷ്ടത്തിലായിരുന്ന സൂചിക 79,811.29 പോയിന്റ് വരെ താഴ്ന്നിരുന്നു.
50 ഓഹരികളുടെ നിഫ്റ്റി 21.95 പോയിന്റ് (0.09 %) ലാഭത്തിൽ 24,596.15ൽ വ്യാപാരം പൂർത്തിയാക്കി.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിൽ ഏർപ്പെടുത്തിയ അധികതീരുവ 25 ശതമാനത്തിനൊപ്പം ഇന്ത്യക്കു മേലുള്ള മൊത്തം തീരുവ 50 ശതമാനത്തിലെത്തിയിരിക്കുകയാണ്. തീരുവ ഉയർത്തലിന്റെ ആഘാതം പ്രധാനമായും ടെക്സ്റ്റൈൽ, സമുദ്രോത്പന്ന, തുകൽ കയറ്റുമതിയെയാകും ബാധിക്കുക.
ഏഷ്യൻ വിപണിയിൽ ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ 225, ഷാങ്ഹായ് എസ്എസ്ഇ കോംപോസിറ്റ്, ഹോങ്കോംഗിന്റെ ഹാങ് സെങ് സൂചികകൾ പോസിറ്റീവായാണ് ക്ലോസ് ചെയ്തത്.
രൂപയും നേട്ടത്തിൽ
ഓഹരിവിപണികൾക്കൊപ്പം ഡോളറിനെതിരേ രൂപയും ചെറിയ നേട്ടം ഇന്നലെ സ്വന്തമാക്കി. മൂന്നു പൈസ ഉയർന്ന് രൂപ 87.69ൽ വ്യാപാരം പൂർത്തിയാക്കി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവും ഡോളർ സൂചിക താഴ്ന്നതുമാണ് രൂപയ്ക്കു നേട്ടമായത്. ബുധനാഴ്ച രൂപ 16 പൈസ താഴ്ന്ന് 87.72ലാണ് ക്ലോസ് ചെയ്തത്.