രാജ്യത്തെ ആറാമത്തെ വലിയ സ്വകാര്യ ബാങ്കായി ഫെഡറൽ ബാങ്ക്
Sunday, August 3, 2025 12:07 AM IST
കൊച്ചി: 2025 ജൂൺ 30 ന് അവസാനിച്ച സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 5,28,640.65 കോടി രൂപയായി ഉയർന്നു. 1556.29 കോടി രൂപയാണു പ്രവർത്തനലാഭം.
ഇതോടെ ഫെഡറൽ ബാങ്ക് രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ ബാങ്കായി. ബാങ്കിന്റെ മൊത്തം ബിസിനസ് 8.58 ശതമാനം വര്‍ധിച്ച് 5,28,640.65 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തിൽ 2,66,064.69 കോടി രൂപയായിരുന്ന നിക്ഷേപം 8.03 ശതമാനം വർധനവോടെ 2,87,436.31 കോടി രൂപയായി.
വായ്പാവിതരണത്തിലും ബാങ്ക് മികച്ച വളർച്ച നേടി. ആകെ വായ്പ മുന്‍വര്‍ഷത്തെ 2,20,806.64 കോടി രൂപയില്‍നിന്നു 2,41,204.34 കോടി രൂപയായി വര്‍ധിച്ചു. 9.24 ശതമാനമാണു വളർച്ചാനിരക്ക്.
റീട്ടെയില്‍ വായ്പകള്‍ 15.64 ശതമാനം വര്‍ധിച്ച് 81,046.54 കോടി രൂപയായി. വാണിജ്യ ബാങ്കിംഗ് വായ്പകള്‍ 30.28 ശതമാനം വര്‍ധിച്ച് 25,028 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 4.47 ശതമാനം വര്‍ധിച്ച് 83,680.44 കോടി രൂപയിലും ബിസിനസ് ബാങ്കിംഗ് വായ്പകൾ 6.29 ശതമാനം വർധിച്ച് 19193.95 കോടി രൂപയിലുമെത്തി.
മൊത്തവരുമാനം 7.64 ശതമാനം വര്‍ധനയോടെ 7799.61 കോടി രൂപയിലെത്തി. 4669.66 കോടി രൂപയാണു ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.91 ശതമാനമാണിത്.
അറ്റനിഷ്ക്രിയ ആസ്തി 1157.64 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.48 ശതമാനമാണിത്. 74.41 ശതമാനമാണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 33,994.08 കോടി രൂപയായി വര്‍ധിച്ചു. 16.03 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിനു നിലവിൽ 1591ബാങ്കിംഗ് ഔട്ട് ലറ്റുകളും 2093 എടിഎമ്മുകളുണ്ട്.
വ്യത്യസ്ത മേഖലകളിലേക്ക് വ്യാപിച്ചുകൊണ്ടുള്ള ഞങ്ങളുടെ പ്രവർത്തനമാതൃകയ്ക്ക് ശക്തിപകരുന്നതാണ് ആദ്യപാദ ഫലങ്ങളെന്നു ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ.വി.എസ്. മണിയൻ പറഞ്ഞു.