പ്രശ്നം പരിഹരിച്ചിട്ടില്ല; ഇടക്കാല ആശ്വാസം മാത്രമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമിസ്
Sunday, August 3, 2025 2:26 AM IST
തിരുവനന്തപുരം: എഎസ്എംഐ സന്യാസിനീ സഭാംഗങ്ങളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്ക് ഇന്നലെ ജാമ്യം ലഭിച്ചത് ഇടക്കാല ആശ്വാസം മാത്രമാണെന്നും പ്രശ്നം പരിഹരിച്ചിട്ടില്ലെന്നും കെസിബിസി അധ്യക്ഷനും മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
ജാമ്യം താത്കാലിക ആശ്വാസമാണ്, ഇത് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. സഹായിച്ച എല്ലാവര്ക്കും നന്ദി. ഏറ്റെടുത്ത ത്യാഗവും വേദനയും കടന്നുപോയ വഴികളിലെ ദുഃഖിപ്പിക്കുന്ന അനുഭവങ്ങളുമെല്ലാം അവര്‍ സമചിത്തതയോടെ നേരിട്ടു. അതില്‍ അഭിമാനിക്കുന്നു. എന്നാല്‍ ഇതുകൊണ്ട് വിഷയം അവസാനിക്കുന്നില്ല. സത്യസന്ധമായും നീതിപൂര്‍വകമായും മനസ് തുറന്ന് മുന്‍വിധി ഇല്ലാതെ കോടതി വിഷയം പഠിക്കട്ടെ. ആള്‍ക്കൂട്ടങ്ങള്‍ നീതി, സത്യം എന്നിവയ്ക്കു തീര്‍പ്പ് കല്‍പ്പിക്കാതിരിക്കുക.
കോടതിയില്‍ വിശ്വാസമുണ്ട്. അത് വിജയത്തിന്റെ, നീതിയുടെ അടയാളമാണ്. പൂര്‍ണമായ നീതി ലഭിക്കുന്നത് സ്വപ്നം മാത്രമല്ല, കര്‍മപരിപാടി കൂടിയാണ്. സത്യവും നീതിയും അന്വേഷിച്ചുള്ള യാത്ര മുന്നോട്ടു പോകും.
അവര്‍ കുറ്റം ചെയ്തിട്ടില്ലെങ്കില്‍ നിരപരാധികളെന്നു പൊതുസമൂഹത്തെ അറിയിച്ച് അവസാനിപ്പിക്കണം. അതാണ് ആഗ്രഹം. അതുവരെ മനസിന്റെ ആകുലതയും അസ്വസ്ഥതയും ക്രിസ്തീയ സമരരീതികളും തുടരുമെന്നും കര്‍ദിനാള്‍ പറഞ്ഞു.