കേരള സര്‍വകലാശാല: ഓണ്‍ലൈന്‍ യോഗം വിസി പിരിച്ചുവിട്ടു
Saturday, August 2, 2025 1:49 AM IST
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപയുടെ പിഎം ഉഷാ ഫണ്ട് വിനിയോഗത്തിനു വേണ്ടി ഇന്നലെ കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ ഓണ്‍ലൈനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ ഉള്‍പ്പെടെ കമ്മിറ്റി അംഗങ്ങള്‍ അല്ലാത്തവര്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വിസി യോഗം പിരിച്ചുവിട്ടു.
സസ്പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാര്‍ അനില്‍കുമാറിനെ കൂടാതെ സമിതിയില്‍ അംഗങ്ങളല്ലാത്ത സിന്‍ഡിക്കറ്റ് അംഗങ്ങളായ ഷിജുഖാന്,ആര്. രാജേഷ് എന്നവരാണ് അനധികൃതമായി ഫണ്ട് വിനിയോഗ സമിതിയില്‍ പങ്കെടുത്തത്.
യോഗത്തില്‍ നിന്നും പുറത്ത് പോകാന്‍ ആവശ്യപ്പെട്ടിട്ടും പുറത്തുപോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് വിസി യോഗം പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് സിന്‍ഡിക്കറ്റ് അംഗങ്ങളും വിസിയുമായുള്ള വാഗ്വാദം ബഹളത്തില്‍ കലാശിച്ചു. വകുപ്പ് മേധാവികളാണ് യോഗത്തില്‍ പങ്കെടുക്കേണ്ടതില്‍ കൂടുതല്‍ പേരും. മാര്‍ച്ച് 31നു മുമ്പ് 100 കോടി രൂപ വിനിയോഗിച്ചില്ലെങ്കില്‍ തുക ലാപ്സാകും.
ഔദ്യോഗമായി കമ്മറ്റികള്‍ കൂടുമ്പോള്‍ മാത്രം സിന്‍ഡിക്കറ്റ് ചേംബര്‍ തുറന്നാല്‍ മതിയാകുമെന്നും സിന്‍ഡിക്കറ്റ് അംഗങ്ങള്‍ക്ക് അനധികൃതമായി റൂമില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും ഹാള്‍ പൂട്ടി സൂക്ഷിക്കാനും വിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരള സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധം
കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം സസ്പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ ഫയല്‍ ആക്സസ് മാറ്റിയ വനിതാ ജീവനക്കാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ സിന്‍ഡിക്കറ്റ് റൂമില്‍ രണ്ട് സിപിഎം സിന്‍ഡിക്കറ്റ് അംഗങ്ങള്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായി ആക്ഷേപം.
ഭീഷണിപ്പെടുത്തിയതിനെതിരേ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സ്റ്റാഫ് യൂണിയന് അംഗങ്ങള്‍ സിന്‍ഡിക്കേറ്റ് റൂമില്‍ കയറി പ്രതിഷേധിച്ചു. സിന്‍ഡിക്കറ്റ് അംഗങ്ങളായ മുരളീധരന്, ഷിജുഖാന് എന്നിവര്‍ ജീവനക്കാരോട് അസഭ്യമായി സംസാരിച്ചതായി വിസിക്ക് പരാതിയും നല്കി.
ഔദ്യോഗിക കമ്മിറ്റിയില്‍ അല്ലാതെ ജീവനക്കാര്‍ സിന്‍ഡിക്കറ്റ് അംഗങ്ങളുമായി ഔദ്യോഗിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പാടില്ലെന്ന വിസിയുടെ കര്‍ശന നിര്‍ദേശത്തെ അവഗണിച്ചാണ് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ഉദ്യോഗസ്ഥരെ സിന്‍ഡിക്കറ്റ് റൂമിലേക്ക് വിളിച്ചു വരുത്തിയത്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേരളാ യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയന്, സിപിഐയുടെ സ്റ്റാഫ് അസോസിയേഷന്, ബിജെപിയുടെ എംപ്ലോയീസ് സംഘ് എന്നിവരാണ് വിസിക്ക് പരാതി നല്‍കിയത്.
ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി
കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി. ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന മിനി കാപ്പനാണ് പരാതി നല്‍കിയത്. കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മലിന്റെ നിര്‍ദേശ പ്രകാരമാണ് മിനി കാപ്പന് പോലീസില്‍ പരാതി നല്‍കിയത്.
സര്‍വകലാശാല ജീവനക്കാരെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് സിന്‍ഡിക്കറ്റിലെ ഇടത് അംഗങ്ങളായ ഷിജു ഖാന്, മുരളീധരന് എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്. ഇതിനിടെ സിന്‍ഡിക്കറ്റ് റൂമിന്റെ താക്കോല്‍ മോഷണം പോയെന്ന് ആരോപിച്ച് സിന്‍ഡിക്കറ്റിലെ ഇടത് നേതാവ് ജി. മുരളീധരനും രംഗത്തെത്തി. ഇന്നു മുതല്‍ വിസിയുടെ മുറിയും തുറക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.