ജാമ്യം പോരാ, അന്യായമായ കുറ്റപത്രവും പിൻവലിക്കണം: മാർ മഠത്തിക്കണ്ടത്തിൽ
Saturday, August 2, 2025 1:49 AM IST
തൊടുപുഴ: ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക അവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും കാറ്റിൽപറത്തി ആൾക്കൂട്ട വിചാരണയിലൂടെ ചെയ്യാത്ത തെറ്റ് ആരോപിച്ച് രണ്ടു കന്യാസ്ത്രീമാരെ ജയിലിൽ അടച്ച സംഭവത്തിനെതിരേ കോതമംഗലം രൂപത തൊടുപുഴയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലും പ്രാർഥനാ റാലിയിലും അണിനിരന്നത് ആയിരങ്ങൾ. മുനിസിപ്പൽ മൈതാനിയിൽനിന്ന് ആരംഭിച്ച ജപമാല റാലി ടൗണ്‍ പള്ളിയങ്കണത്തിൽ സമാപിച്ചു. സമ്മേളനം കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
അന്യായമായി അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കപ്പെട്ട കന്യാസ്ത്രീമാർക്കു ജാമ്യം നൽകിയാൽ മാത്രം പോരെന്നും കുറ്റപത്രം പിൻവലിച്ചു നിരുപാധികം വിട്ടയയ്ക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു. കോതമംഗലം രൂപതയിലെ സിആർഐ സന്യാസ സമൂഹത്തിന്റെയും രൂപതയിലെ വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.
ക്രൈസ്തവ വിശ്വാസികൾക്കുനേരേ ആക്രമണങ്ങൾ ഉണ്ടാകുന്പോൾ ചർച്ചകൾ നടത്തി താത്കാലിക പരിഹാരമല്ല ഉണ്ടാകേണ്ടത്. മറിച്ച് വർഗീയ പ്രവണതകളും മൗലിക അവകാശത്തിൻമേലുള്ള അടിച്ചമർത്തലുകളും എന്നേക്കുമായി ഇല്ലാതാക്കണം.
മതപരിവർത്തനമാണ് സഭ ചെയ്തിരുന്നതെങ്കിൽ രാജ്യം മുഴുവൻ കത്തോലിക്കരായി മാറുമായിരുന്നെന്നും ബിഷപ് ചൂണ്ടിക്കാട്ടി. ഫാ. റോയി കണ്ണൻചിറ സിഎംഐ, സിസ്റ്റർ ജോസിയാ എസ്ഡി എന്നിവർ പ്രസംഗിച്ചു.