കടിച്ചെടുത്തുകൊണ്ടുപോയ പുലിയുടെ പിന്നാലെ പാഞ്ഞ് മകനെ രക്ഷപ്പെടുത്തി പിതാവ്
Saturday, August 2, 2025 1:50 AM IST
മലക്കപ്പാറ: വീരാൻകുടി മുതുവർ ആദിവാസി ഉന്നതിയിൽ വീടിനകത്ത് ഉറങ്ങിയിരുന്ന നാലു വയസുകാരനെ പുലി പിടിച്ചുകൊണ്ടുപോയി.
കുട്ടിയെ കടിച്ചെടുത്ത് ഓടിയ പുലിയുടെ പിന്നാലെ പിതാവ് ഒച്ചവച്ച് പാഞ്ഞെത്തിയതോടെ പുലി കുട്ടിയെ ഉപേക്ഷിച്ചു പോവുകയായിരുന്നു. പരിക്കേറ്റ രാഹുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മലക്കപ്പാറ വീരാൻകുടിയിലെ (അരേകാപ്പ്) ബേബി-രാധിക ദന്പതികളുടെ മകൻ രാഹുലിനെയാണു പുലി പിടിച്ചത്. ഇന്നലെ പുലർച്ചെ രണ്ടേകാലോടെ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു രാഹുൽ.
കുട്ടിയുടെ നിലവിളികേട്ട് ഉണർന്ന പിതാവ് ബേബി കാണുന്നത് കുട്ടിയെ പുലി കടിച്ചെടുത്ത് പോകുന്നതാണ്. പിന്നാലെ ഉറക്കെ ഒച്ചവച്ച് ഓടിയെത്തിയപ്പോൾ പുലി കുട്ടിയെ ഉപേക്ഷിച്ചുപോകുകയായിരുന്നു. കുട്ടിയുടെ തലയുടെ പിൻവശത്തും കഴുത്തിനും പരിക്കുണ്ട്. പുലി കുട്ടിയുടെ കഴുത്തിൽ കടിച്ചുപിടിച്ചാണു കൊണ്ടുപോയത്.
ഉടൻതന്നെ വീട്ടുകാർ മലക്കപ്പാറ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ മലക്കപ്പാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എച്ച്.എൽ. സലീഷ്, എസ്ഐ താജുദീൻ, സിവിൽ പോലീസ് ഓഫീസർ അഖിൽ, ഡ്രൈവർ സിപിഒ ബിജു എന്നിവരുടെ നേതൃത്വത്തിൽ രാഹുലിനെ ഉടൻതന്നെ മലക്കപ്പാറയിലെ ടാറ്റ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
രാഹുലിനെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശിച്ചു. കുട്ടിക്കു വിദഗ്ധചികിത്സ ഉറപ്പാക്കിയതായി കളക്ടർ കുടുംബത്തെ അറിയിച്ചു.