രാജീവ് ചന്ദ്രശേഖർ മാർ തട്ടിലുമായി കൂടിക്കാഴ്ച നടത്തി
Friday, August 1, 2025 1:48 AM IST
കൊച്ചി: അടിസ്ഥാനരഹിതമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടു ഛത്തീസ്ഗഡില്‍ ജയിലില്‍ അടയ്ക്കപ്പെട്ട സിസ്റ്റര്‍ പ്രീതി മരിയ, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ ഉടന്‍ ജയില്‍ മോചിതരാക്കണമെന്നും അവര്‍ക്കു നീതി ലഭ്യമാക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി സീറോമലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തന്നെ സന്ദര്‍ശിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനോടാണു മേജര്‍ ആര്‍ച്ച്ബിഷപ് ഈ ആവശ്യം ഉന്നയിച്ചത്. സമൂഹനന്മയ്ക്കായി സേവനനിരതരായ സിസ്റ്റര്മാര് അഭിമുഖീകരിക്കേണ്ടിവന്ന അക്രമസംഭവങ്ങളില്‍ സഭാവിശ്വാസികള്‍ മാത്രമല്ല, പൊതുസമൂഹം മുഴുവനും ആശങ്കാകുലരാണ്.
രണ്ടു കോടതികളില്‍നിന്നും ജാമ്യം ലഭിക്കാതെ ഇവര്‍ ജയിലില്‍ തുടരേണ്ടിവരുന്നതില്‍ സഭയുടെ മുഴുവന്‍ ആശങ്കയും വേദനയും പ്രതിഷേധവും പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കണം. ഈ വിഷയത്തില്‍ ക്രിയാത്മകമായ പ്രായോഗിക നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും ആള്‍ക്കൂട്ട വിചാരണ നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കൂടിക്കാഴ്ചയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരും ബിജെപിയും ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന അനുകൂലനിലപാടുകളെക്കുറിച്ചും സന്യസ്തരെ ഉടന്‍ ജയില്‍മോചിതരാക്കാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെക്കുറിച്ചും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നല്‍കിയിരിക്കുന്ന ഉറപ്പും രാജീവ് ചന്ദ്രശേഖര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ധരിപ്പിച്ചു. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ ജോര്‍ജും രാജീവ് ചന്ദ്രശേഖറിനോടൊപ്പം ഉണ്ടായിരുന്നു.