ഡിസിഎൽ ബാലരംഗം
Friday, August 1, 2025 1:48 AM IST
കൊച്ചേട്ടന്റെ കത്ത്
ബന്ധുവാക്കാം,. ബന്ദിയാക്കാതിരിക്കാം
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേസ്റ്റേഷനിൽനിന്ന് ഇക്കഴിഞ്ഞ ജൂലൈ 26-ന് ഉയർന്ന വലിയ ആക്രോശങ്ങളും ആക്രന്ദനങ്ങളും ഇപ്പോഴും അടങ്ങിയിട്ടില്ല. എഎസ്എംഐ സന്യാസ സമൂഹത്തിലെ രണ്ടു കന്യാസ്ത്രീകൾ ബജരംഗ്ദൾ എന്ന സംഘടനയുടെ പിടിയിലായി. അവരുടെ ഭീഷണിക്കുവഴങ്ങി പോലീസ് അവരെ കള്ളക്കുറ്റമുണ്ടാക്കി അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഏഴാംദിനമായ ഇന്നും ജാമ്യം നിഷേധിക്കപ്പെട്ട് മനുഷ്യത്വത്തിന്റെ വെയിൽ തെളിയാത്ത ക്രൗര്യത്തിന്റെ ഇരുട്ടു ഭരിക്കുന്ന ജയിലിൽ അവർ കഴിയുകയാണ്.
സ്വതന്ത്ര ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും മൗലിക അവകാശമാണ് സഞ്ചാര സ്വാതന്ത്ര്യവും വിശ്വാസ പ്രഘോഷണ സ്വാതന്ത്ര്യവും. ഇതുരണ്ടും കാറ്റിൽ പറത്തിയാണ് ഛത്തീസ്ഗഡ് ഗവൺമെന്റ് മലയാളികളായ രണ്ടു കന്യാസ്ത്രീകളെ കള്ളസാക്ഷ്യത്തിന്റെ അഴികൾക്കുള്ളിലടച്ചത്.
ലോകമാധ്യമങ്ങളും ലോക ദിനപത്രങ്ങളുമൊക്കെ ദിവസങ്ങളായി ഛത്തീസ്ഗഡ് സർക്കാരിന്റെ ഈ അനീതിയും കേന്ദ്രസർക്കാരിന്റെ അനാസ്ഥയും ഗൗരവമായി ചർച്ച ചെയ്യുകയാണ്.
മതപരിവർത്തനവും മനുഷ്യക്കടത്തും പോലുള്ള ജാമ്യംകിട്ടാൻപോലും പ്രയാസമായ വകുപ്പുകൾ ചുമത്തി, കേസെടുത്ത് ഇപ്പോൾ എൻ.ഐ.എയ്ക്ക് നല്കിയിരിക്കുകയാണ്. ഈ കേസിന് ആസ്പദമായ സംഭവത്തിൽ, കന്യാസ്ത്രീകളുടെ ഭാഗത്തുനിന്ന് ഒരു നിയമലംഘനവും ഉണ്ടായിട്ടില്ലെന്ന് അവരും അവരോടു സംസാരിച്ചവരും വ്യക്തമാക്കുന്നു. തീവ്രപക്ഷ മതവാദികളുടെ തെറ്റായ ധാരണയാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുടെ പിന്നിൽ.
ഒരു രാജ്യം മൗലികാവകാശമായി എല്ലാ പൗരന്മാർക്കും ഒരുപോലെ നൽകുന്ന പൊതുനിയമങ്ങൾ അനുസരിക്കില്ല എന്ന ധിക്കാരമാണ്, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കു പിന്നിൽ! ഇതിനു പോലീസ് കൂട്ടുനിൽക്കുകയും ഭരണകൂടം പിൻതുണയ്ക്കുകയും ചെയ്താലോ... ശേഷം എല്ലാവർക്കും ദുരിതംതന്നെ!
കൂട്ടുകാരേ, മതവും വിശ്വാസങ്ങളും മനുഷ്യത്വത്തിന്റെ മഹത്വം അനുഭവിക്കാനുള്ള വേദിയാകണം. മനുഷ്യൻ മനുഷ്യനെ മനുഷ്യനായി അംഗീകരിക്കാനും സ്നേഹിക്കാനും ആദരിക്കാനുമാവുന്പോഴാണ്, ആത്മീയത അർത്ഥപൂർണമാകുന്നത്. ദൈവത്തിന്റെ പേരിൽ മനുഷ്യൻ മനുഷ്യത്വം മറന്ന് മൃഗീയതയിലേക്ക് മടക്കയാത്രചെയ്താൽ എന്താവും ഫലം? നമുക്ക് നല്ല ബന്ധങ്ങൾ ഉണ്ടാകട്ടെ. "നാം ഒരു കുടുംബം' എന്ന സാഹോദര്യസന്ദേശവുമായി, വ്യത്യസ്തമായ മതധാരകളുടെ സംഗമവേദിയായി നമ്മുടെ ക്ലാസ്മുറികൾ മാറട്ടെ. നിറവും നിലയും നോക്കാതെ, തരംതിരിവുകളില്ലാതെ നമുക്ക് എല്ലാവരെയും സ്നേഹിച്ചുവളരാം.
നന്മ ചെയ്യുന്നവരെ പിൻതുണയ്ക്കാം. ദുരിതജീവിതം ബന്ധനത്തിലാക്കിയ ആദിവാസി സമൂഹങ്ങളെ അക്ഷരംവിളന്പി അറിവിന്റെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്ന, അനേകം പാവങ്ങളുടെ ഹൃദയബന്ധുക്കളായ, സന്യാസിനിമാരേയാണ്, ദുർഗ്രഹമായ വിദ്വേഷവേഷങ്ങൾ അനീതിയുടെ പ്രതിക്കൂട്ടിൽ ബന്ദികളാക്കിയത്. നമുക്കു ബന്ധുക്കളാകാം, ആരേയും ബന്ദികളാക്കാതിരിക്കാം.
സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
മൂലമറ്റം മേഖലാ നേതൃസംഗമവും തെരഞ്ഞെടുപ്പും
മൂലമറ്റം: ഡി.സി.എൽ മൂലമറ്റം മേഖലാ നേത്യ സംഗമവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അറക്കുളം സെന്റ് തോമസ് യുപി സ്കൂളിൽ നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ കാതറിൻ എസ്.എ.ബി.എസ് ഉദ്ഘാടനം ചെയ്തു. പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്.ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കുരുവിള ജേക്കബ് , സിബി കണിയാരകം എന്നിവർ ക്ലാസെടുത്തു. ശാഖാ ഡയറക്ടർമാരായ ജോൺസൺ സെബാസ്റ്റ്യൻ , ജിനി ജോർജ് , അഞ്ജലി അനിൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി അയോണ സിബി (സെന്റ് ജോൺസ് കുറുമണ്ണ്), അർപ്പിത് ലിജു (സെന്റ് തോമസ് തുടങ്ങനാട്) - കൗൺസിലർമാർ, കിരൺ റെനീഷ് (സെൻറ് ജോൺസ് കുറുമണ്ണ്) - ലീഡർ, നക്ഷത്ര റ്റി. അജയ് (ഐ.എച്ച്.ഇ.പി. മൂലമറ്റം) - ഡെപ്യൂട്ടി ലീഡർ , ആരോൺ ഫെയ്ത്ത് ജോബിൻ (എസ്.എച്ച് മൂലമറ്റം), മീവൽ എസ്. കോടാമുള്ളിൽ (സെൻറ് തോമസ് തുടങ്ങനാട്) - ജനറൽ സെക്രട്ടറിമാർ, റോസ് റോബിൻ (എസ്.എച്ച് മൂലമറ്റം) - പ്രോജക്റ്റ് സെക്രട്ടറി , മിലൻ റ്റോം (സെന്റ് തോമസ് അറക്കുളം) - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
ശാഖാ തെരഞ്ഞെടുപ്പ്
ഇളംങ്ങുളം സെന്റ് മേരീസ് ശാഖാ ഭാരവാഹികൾ തെരഞ്ഞെടുപ്പും പ്രവർത്തന വർഷ ഉദ്ഘാടനവും നടത്തി. ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗ്ഗീസ് കൊച്ചുകുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ ഉദ്ഘാടനം നിർവഹിച്ചു ഡിഎഫ്സി രൂപതാ സെക്രട്ടറി ജെയിംസ് കുഴിക്കാട്ട്, സ്കൂൾ ഹെഡ്മിസ്ട്രസ് രാജി മോൾ ജോസഫ്, ഡിസിഎൽ ശാഖാ ഡയറക്ടർ ദീപാ വർഗ്ഗീസ്, ദീപിക ഏരിയാ മാനേജർ സിജു ജോർജ് എന്നിവർ പ്രസംഗിച്ചു.
ശാഖാ തെരഞ്ഞെടുപ്പിൽ ആൻ മരിയാ വർഗീസ്, അഹിനമേഴ്സ് ബാലാജി, അനന്യ പി.സ്, സിയാ ജോസ്, പിയ എസ്. തോമസ് , ജോഹാൻ റ്റോണി , അഖിലേഷ് വി.സ് , ഡോൺ പി സജി , അർപ്പിത് ബി പാലമുറി എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു.
പ്രവർത്തനവർഷ ഉദ്ഘാടനവും തെരഞ്ഞെടുപ്പും

ചങ്ങനാശേരി ളായിക്കാട് മേരി റാണി പബ്ലിക് സ്കൂളിൽ ദീപിക ബാലസഖ്യം പ്രവർത്തനവർഷ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. ഡിസിഎൽ ചങ്ങനാശ്ശേരി മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം അധ്യക്ഷത വഹിച്ചു. ദീപിക ബാലസഖ്യം കേന്ദ്ര സമിതി അംഗം ആൻസി മേരി ജോൺ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എമിലി തെക്കേതെരുവിൽ എസ്എബിഎസ് ആമുഖ സന്ദേശം നൽകി. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ലിനറ്റ് താന്നിക്കൽ എസ്എബിഎസ് ശാഖാഡയറക്ടർമാരായ മരിയ ജോർജ്, അജിത ജോണി കുമാരി ക്ലെയർ എൽസ ജിജി, മാസ്റ്റർ റോൺ റെജി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
തൊടുപുഴ പ്രവിശ്യാ സ്വാതന്ത്ര്യ സ്മ്യതി സംഗമം
തൊടുപുഴ: ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ സ്വാതന്ത്ര്യസ്മൃതിസംഗമവും മൂലമറ്റം മേഖലാ സാഹിത്യോത്സവവും ഓഗസ്റ്റ് 15ന് രാവിലെ 9.45 മുതൽ മൂലമറ്റം സെന്റ് ജോർജ് യു.പി സ്കൂളിൽ നടത്തും.
ചെറുകഥ, കവിത, ഉപന്യാസം, കടംകഥ, മിനി കഥ എന്നിവയിലാണ് മേഖലാതല മത്സരങ്ങൾ. മേഖലയിലെ ശാഖാ ഡയറക്ടർമാർ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ആഗസ്റ്റ് ആറിന് മുമ്പായി പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം എത്തിക്കണം. വിശദവിവരങ്ങൾക്ക് 9497279347 എന്ന നന്പരിൽ ബന്ധപ്പെടുക.