യുവഡോക്ടറുടെ പീഡന പരാതിയില്‍ വേടനെതിരേ കേസ്
Friday, August 1, 2025 1:48 AM IST
കൊച്ചി: പുലിപ്പല്ല് കൈവശം വച്ചതിനും ഫ്ലാറ്റില്‍നിന്നു കഞ്ചാവ് പിടികൂടിയ കേസിനും പിന്നാലെ റാപ്പര്‍ വേടനെ വെട്ടിലാക്കി പീഡന പരാതി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസ് വേടന് എന്നറിയപ്പെടുന്ന തൃശൂര്‍ സ്വദേശി ഹിരണ്‍ദാസ് മുരളി(30)ക്കെതിരേ കേസെടുത്തു.
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. ഐപിസി 376 പ്രകാരമാണു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഭാരതീയ ന്യായ സംഹിത വരുന്നതിന് മുമ്പുള്ള കേസായതിനാലാണു ഐപിസി പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വിവാഹ വാഗ്ദാനം നല്കി 2021 മുതല്‍ ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പലസ്ഥലങ്ങളില്‍ വച്ച് പീഡിപ്പിക്കുകയും പിന്നീട് വിവാഹം ചെയ്യാതെ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി.
പരാതിയില്‍ ആരോപിക്കുന്ന കാര്യങ്ങളിലടക്കം തെളിവുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. പ്രാഥമിക അന്വേഷണങ്ങള്‍ക്കും തെളിവുശേഖരണത്തിനും ശേഷം വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണു പോലീസ് നീക്കം. വേടനുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്.
2019ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ചെയ്യുന്ന സമയത്താണ് യുവതി വേടനുമായി പരിചയത്തിലാകുന്നത്. വേടന്റെ പാട്ടുകളും അഭിമുഖങ്ങളും കണ്ട് ആകൃഷ്ടയായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് തന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് വേടന് അറിയിച്ചിരുന്നു. ഇതുപ്രകാരം മുന്നോട്ടുപോകുന്നതിനിടെയാണ് പല സ്ഥലങ്ങളില്‍ വച്ചു പീഡിപ്പിച്ചത്.
വിവാഹത്തില്‍നിന്നു വേടന് പിന്മാറിയതോടെ താന്‍ വിഷാദരോഗത്തിന് അടിമയായെന്നും ചികിത്സ തേടേണ്ട സാഹചര്യമുണ്ടായെന്നും യുവതി പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു. പലപ്പോഴായി 31,000 രൂപയും ട്രെയിന്‍ ടിക്കറ്റ് എടുത്തു നല്കിയ വകയില്‍ 8,536 രൂപയും വേടനു നല്‍കിയിട്ടുണ്ട്.
വേടനെതിരേ പരാതിപ്പെട്ടാല്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന ഭയംമൂലമാണ് ഇതുവരെ മൊഴി നല്‍കാതിരുന്നത്. വേടന് തന്നോടു മോശമായി പെരുമാറിയെന്ന് ഒരു സ്ത്രീ അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞതും ആദ്യ പ്രണയമെന്ന പേരില്‍ യുട്യൂബില്‍ വേടന് പങ്കുവച്ച വീഡിയോയും പരാതി നല്കാന് കാരണമായെന്നും യുവതി വ്യക്തമാക്കുന്നു.
അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നു കമ്മീഷണര്‍
കൊച്ചി: റാപ്പര്‍ വേടനെതിരായ യുവതിയുടെ പീഡനപരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. നിലവില്‍ ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നല്‍കിയിട്ടില്ല.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഐപിസി 376 പ്രകാരമാണു കേസെടുത്തിട്ടുള്ളത്. കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കാര്യങ്ങള്‍ കുറച്ചുപേര്‍ക്ക് അറിയാമെന്ന് പരാതിക്കാരി പറയുന്നുണ്ട്. അതു പരിശോധിക്കും. സാക്ഷികളുണ്ടെങ്കില്‍ അവരുമായി സംസാരിക്കും. ഇതിനുശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.
സാമ്പത്തിക ഇടപാടുകള്‍ നടന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ കാര്യങ്ങളടക്കം പരിശോധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.