നേര്യമംഗലം-വാളറ റോഡ് നിർമാണം: മഴയിലും തിളച്ച് പ്രതിഷേധം
Friday, August 1, 2025 1:48 AM IST
കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാത-85 ന്റെ ഭാഗമായ നേര്യമംഗലം മുതൽ വാളറ വരെയുള്ള നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ സംഭവത്തിൽ കോതമംഗലം രൂപതയിലെ വിവിധസംഘടനകളുടെയും ദേശീയ പാത സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം നീതി നിഷേധത്തിനെതിരായ ശക്തമായ താക്കീതായി മാറി.
വ്യത്യസ്തമായ കേന്ദ്രങ്ങളിൽനിന്നും ആരംഭിച്ച ഇരു സമരങ്ങളിലും ജനകീയ പ്രതിഷേധം അലയടിച്ചു. തോരാമഴയിലും ആവേശം ചോരാതെ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ വൈദികരും സന്യസ്തരും സ്ത്രീകളും യുവജനങ്ങളും ഉൾപ്പെടെ ആയിരങ്ങൾ അണിനിരന്നു.
ജനങ്ങളുടെ സ്വൈര ജീവിതവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന വനംവകുപ്പിന്റെ ക്രൂരമായ നിലപാടിനെതിരേ അതിശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ജനങ്ങൾ പ്രതിഷേധത്തിൽ അണിചേർന്നത്.
നേര്യമംഗലം ഗാന്ധിസ്ക്വയറിൽ നിന്നാരംഭിച്ച റേഞ്ച് ഓഫീസ് മാർച്ച് രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഒരുപറ്റം നിക്ഷിപ്ത താത്പര്യക്കാരുടെ ആസൂത്രിതമായ നിലപാടുകൾ മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ ഇനിയും തെരുവിലിറക്കരുത്.
മലയോര കർഷകരോടും സാധാരണക്കാരോടുമുള്ള ശത്രുതാ മനോഭാവം വനം വകുപ്പധികൃതർ ഉപേക്ഷിക്കണം. സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തിന് വിഘാതം സൃഷ്ടിക്കുന്നത് തുടർന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ല. കർഷകരുടേയും സാധാരണക്കാരുടെയും നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ കോതമംഗലം രൂപത എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രൂപത വികാരി ജനറാൾ മോണ്‍. ഡോ. വിൻസന്റ് നെടുങ്ങാട്ട്, നേര്യമംഗലം പള്ളി വികാരി ഫാ. മാത്യു തോട്ടത്തിമ്യാലിൽ, രൂപത ചാൻസലർ ഫാ. ജോസ് കുളത്തൂർ, കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടർ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്, ഷൈജു ഇഞ്ചയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. റേഞ്ച് ഓഫീസ് മാർച്ചിനെ തുടർന്ന് നടത്തിയ സമാപന സമ്മേളനത്തിൽ കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ മുഖ്യപ്രഭാഷണം നടത്തി.
വന്യമൃഗ ഭീഷണിയും വനപാലകരുടെ കടന്നുകയറ്റവും മൂലം യാതന അനുഭവിക്കുന്ന കർഷകരെയും സാധാരണക്കാരെയും അവഗണിക്കുകയും മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയും ചെയ്താൽ ശക്തമായ സമരത്തെ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. കാട്ടുപന്നികൾക്കും തെരുവ് നായ്ക്കൾക്കും നൽകുന്ന പരിഗണന പോലും കർഷകർക്ക് നൽകാൻ വനംവകുപ്പ് തയാറാകുന്നില്ലെന്നും കുറ്റപ്പെടുത്തി.
രൂപത പ്രൊക്യൂറേറ്റർ ഫാ. ജോസ് പുൽപറന്പിൽ, മാതൃവേദി രൂപത ഡയറക്ടർ ഫാ. ആന്റണി പുത്തൻകുളം, ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന പ്രസിഡന്റ് ലോറൻസ് ഏബ്രഹാം, മിഷൻ ലീഗ് രൂപത പ്രസിഡന്റ് സജിൽ കല്ലന്പള്ളിൽ, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, തുടങ്ങിയവർ നേതൃത്വം നൽകി.
മൂന്നാംമൈലിൽ പ്രതിഷേധമിരന്പി
അടിമാലി: ദേശീയ പാത സംരക്ഷണ സമിതിയുടെ തേൃത്വത്തിൽ നേര്യമംഗലം മൂന്നാം മൈലിൽ നിന്നും ആരംഭിച്ച ലോംഗ് മാർച്ച് കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍.ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
വിവിധ കർഷക, സാമൂഹ്യ, സാംസ്കാരിക, മത സംഘടനകളുടെ പിന്തുണയോടെ നടത്തിയ മാർച്ച് പ്രതിഷേധത്തിന്റെ അലകടലായി. ഹൈക്കോടതിയിൽ വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ തെറ്റായ സത്യവാങ്മൂലത്തിനു പകരം സംസ്ഥാന സർക്കാർ ദേശീയ പാത വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിന് അനുകൂലമായ പുനർ സത്യവാങ്മൂലം നൽകണമെന്ന് സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ആവശ്യം അംഗീകരിച്ചുകിട്ടും വരെ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. മൂന്നാംമൈലിൽ ഫാ. എൽദോസ് പുളിഞ്ചോട്ടിൽ, ഫാ. മത്തായി, ഇമാം ഹാഫിസ് മുഹമ്മദ് അർഷാദി എന്നിവർ ചേർന്ന് മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു.
തുടർന്ന് നേര്യമംഗലം ടൗണിൽ നടത്തിയ പൊതുസമ്മേളനത്തിൽ ഹൈവേ സംരക്ഷണ സമിതി ചെയർമാൻ പി.എം. ബേബി അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍ ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
സിജുമോൻ ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. റസാക്ക് ചൂരവേലി, ഫാ. മാത്യു കാട്ടിപ്പറന്പിൽ, ഡിജോ കാപ്പൻ, കെ.കെ. രാജൻ, ബിനോയി സെബാസ്റ്റ്യൻ, ഡയസ് പുല്ലൻ, എം.ജെ. ജേക്കബ്, ജോസുകുട്ടി ഒഴുകയിൽ എന്നിവർ പ്രസംഗിച്ചു.
മുൻ എംഎൽഎ എ.കെ. മണി, കെ.എച്ച്. അലി, എ.ഡി. ജോണ്സണ് എന്നിവർനേതൃത്വം നൽകി.