സർക്കാരും സർവകലാശാല വൈസ് ചാൻസലർമാരും തമ്മിലുള്ള പോര്; ഉന്നത വിദ്യാഭ്യാസ മേഖല ഗുരുതര പ്രതിസന്ധിയിൽ
Friday, August 1, 2025 1:48 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സർക്കാരും സർവകലാശാല വൈസ് ചാൻസലർമാരും തമ്മിലുള്ള പോര് രൂക്ഷമായതിനു പിന്നാലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദയനീയാവസ്ഥ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ പോലും കോടതിയെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
മാസങ്ങൾക്ക് മുന്പ് സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിൽ പുതുതായി കോഴ്സുകൾ അനുവദിക്കുന്നതിനും നിലവിലുള്ള കോഴ്സുകളിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും എഐസിടിഇ പരിശോധന നടത്തി അനുമതി നല്കിയിരുന്നു.
ഈ കോഴ്സുകൾക്ക് സർവകലാശാലയുടെ അനുമതിക്കായി പരിശോധനാ ഫീസ് വരെ അടച്ചു മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. ഒടുവിൽ കോളജ് മാനേജ്മെന്റുകൾക്ക് പുതിയ കോഴ്സുകൾക്കായി ഹൈക്കോടതിയെ വരെ ആശ്രയിക്കേണ്ടി വന്നു. ഇത്തരത്തിലാണ് സംസ്ഥാനത്തെ 41 എൻജിനിയറിംഗ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ അനുമതി ലഭിച്ചത്.
എന്നാൽ എൻജിനിയറിംഗ് ആദ്യ ഘട്ട അലോട്ട്മെന്റുകളിൽ ഈ പുതിയ കോഴ്സുകളെ ഉൾപ്പെടുത്താനും കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി പ്രസ്താവിച്ചതിനെ തുടർന്നാണ് സാങ്കേതിക സർവകലാശാല ജൂലൈ 30 ന് പുതിയ കോഴ്സുകൾക്ക് അനുമതി നല്കിക്കൊണ്ട് ഉത്തരവിറക്കിയത്. ഏറെ മുന്പു തന്നെ സർക്കാർ തലത്തിലും സർവകലാശാല തലത്തിലും മാനേജ്മെന്റുകൾ പലവട്ടം പ്രവേശന നടപടികളെക്കുറിച്ചുള്ള ആശങ്കകൾ അറിയിച്ചിരുന്നതാണ്.
എന്നാൽ സർക്കാരും ഗവർണർ നിയമിച്ച വൈസ് ചാൻസലറും ഇക്കാര്യത്തിൽ വേണ്ടത്ര വേഗത്തിൽ കാര്യങ്ങൾ നീക്കിയില്ല. ഇതോടെയാണ് പുതിയ കോഴ്സുകൾക്കുള്ള അനുമതി വൈകിയതും ആദ്യ ഘട്ട അലോട്ട്മെന്റിൽ ഇത് ഉൾപ്പെടുത്താൻ കഴിയാതെ പോയതും.
എഐസിടിഇ പറഞ്ഞിരിക്കുന്ന പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ട ഈ മാസം 14ന് മുന്പ് പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്നതാണ് വിദ്യാർഥികളും രക്ഷിതാക്കളും ഒന്നടങ്കം ആവശ്യപ്പെടുന്നത്.