ഹൃദയാരാം സിൽവർ ജൂബിലി ആഘോഷം നാളെ
Friday, August 1, 2025 1:49 AM IST
കണ്ണൂർ: തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള ഹൃദയാരാം ഗ്രൂപ്പ് ഓഫ് മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസ് സിൽവർ ജൂബിലി നിറവിൽ. ജൂബിലി ആഘോഷം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ധർമശാല ലക്സോട്ടിക്ക ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ജൂബിലി സുവനീർ പ്രകാശനം ചെയ്യും. എസ്എച്ച് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ഉഷ മരിയ ആമുഖപ്രഭാഷണം നടത്തും.
ഹൃദയാരാം കടന്നുവന്ന വഴികളെക്കുറിച്ച് ഹൃദയാരാം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്സ് അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ ഡോ. ജാൻസി പോൾ എസ്എച്ച് വിശദീകരിക്കും. ജൂബിലിയോടനുബന്ധിച്ച് ആരംഭിക്കുന്ന പുതിയ സംരംഭങ്ങളായ പിജിഡിഎൽഡി, ലൈഫ് എലൈക്സർ, വിംഗ്സ് എന്നിവയുടെ ഉദ്ഘാടനം യഥാക്രമം കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ.കെ. സാജു, കെ.വി. സുമേഷ് എംഎൽഎ, കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ജോബി കെ. ജോസ് എന്നിവർ നിർവഹിക്കും.
പരിപാടിയിൽ ആദരിക്കുന്ന വിവിധ വ്യക്തിത്വങ്ങളെ ഹൃദയാരാം കമ്യൂണിറ്റി കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജ്യോതിസ് പാലയ്ക്കൽ സദസിന് പരിചയപ്പെടുത്തും. ഹൃദയാരാം ഫൗണ്ടർ ഡയറക്ടറും എസ്എച്ച് കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ ഡോ. ട്രീസ പാലയ്ക്കൽ എസ്എച്ച് പ്രഭാഷണം നടത്തും.
സണ്ണി ജോസഫ് എംഎൽഎ, കേരള യൂണിവേഴ്സിറ്റി മുൻ പ്രൊ-വൈസ് ചാൻസലർ ഡോ. എൻ. വീരമണികണ്ഠൻ, തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത് തുടങ്ങിയവർ പ്രസംഗിക്കും. ഹൃദയാരാം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ സിസ്റ്റർ ഡോ. റിൻസി അഗസ്റ്റിൻ സ്വാഗതവും ഹാർട്ട് (എച്ച്ഇആർടി) സെക്രട്ടറി സി.എ. അബ്ദുൾ ഗഫൂർ നന്ദിയും പറയും.