“തിരികെ കിട്ടുന്നതു ദ്രോഹമാണെങ്കിലും ഞങ്ങൾക്ക് നന്മ ചെയ്തേ തീരൂ’’
Friday, August 1, 2025 1:49 AM IST
ജോൺസൺ പൂവന്തുരുത്ത്
കോട്ടയം: അറിവും അരങ്ങുമില്ലാതെ അടുക്കളയിൽ മാത്രം ഒതുങ്ങേണ്ടവരല്ല സ്ത്രീകൾ. അവർ സമൂഹത്തിന്റെ മുഖ്യധാരയിൽ വന്നു സകലർക്കും പ്രകാശം പരത്തണം- ധന്യൻ മാർ ഈവാനിയോസിന്റെ ഈ ദർശനം ഉൾക്കൊണ്ടു മലങ്കര സുറിയാനി കത്തോലിക്ക സഭയിൽ 1925ൽ പ്രവർത്തനം ആരംഭിച്ച ബഥനി സന്യാസിനീ സമൂഹം ഒരു നൂറ്റാണ്ട് പിന്നിടുന്പോൾ അന്തർദേശീയ തലത്തിൽ ശുശ്രൂഷയുടെ തനതായ ശൈലി അടയാളപ്പെടുത്തിയിരിക്കുന്നു.
ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷം പൂർത്തിയാക്കുകയാണ് ബഥനി എന്ന മിശിഹാനുകരണ സന്യാസിനീ സമൂഹം. വൈവിധ്യമാർന്ന കർമപദ്ധതികളാണ് വിവിധ രംഗങ്ങളിലായി ശതാബ്ദി ആഘോഷക്കാലത്തു നടപ്പാക്കിയത്. സമൂഹത്തിലെ ദുർബലമേഖലകളെ കണ്ടെത്തി സേവനം ചെയ്യുന്നതിലൂടെ രാഷ്ട്രപുനർനിർമാണത്തിലും സജീവമായി പങ്കുചേരുകയാണ് ഈ സന്യാസിനികൾ. മൂന്നു പേരിൽനിന്നു തുടങ്ങി ഒരു നൂറ്റാണ്ടിനിപ്പുറം അഞ്ചു പ്രോവിൻസുകളിലായി 940 സന്യാസിനികൾ ഈ സമൂഹത്തിൽ സമർപ്പിത ശുശ്രൂഷ ചെയ്യുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും ബഥനി സന്യാസിനികൾ നന്മയുടെ പ്രകാശം പരത്തുന്നു.
ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നാളെ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജർ അതിരൂപത കത്തീഡ്രലിൽ വിവിധ ചടങ്ങുകളോടെ സമാപിക്കും. ശതാബ്ദി ആഘോഷം സമാപനത്തിലേക്ക് എത്തുന്പോൾ ഇതുവരെ നടന്ന പദ്ധതികളെക്കുറിച്ചും ബഥനി സമൂഹത്തിന്റെ പ്രവർത്തന മേഖലകളെക്കുറിച്ചും ദീപികയോടു സംസാരിക്കുകയാണ് മിശിഹാനുകരണ സന്യാസിനീ സമൂഹത്തിന്റെ (എസ്ഐസി) സുപ്പീരിയർ ജനറലും കെസിഎംഎസ് പ്രസിഡന്റുമായ സിസ്റ്റർ ഡോ. ആർദ്ര എസ്ഐസി.
ഒരു പ്രസ്ഥാനം ഒരു നൂറ്റാണ്ട് പൂർത്തിയാക്കുകയെന്നത് നിസാര കാര്യമല്ല. ഈ വലിയ നിമിഷത്തിൽ സുപ്പീരിയർ ജനറൽ എന്ന പദവിയിൽ നയിക്കുന്പോൾ എന്തു തോന്നുന്നു?
മാർ ഈവാനിയോസ് പിതാവിന്റെ ദർശനങ്ങൾ പിന്തുടർന്നാണ് ബഥനി സമൂഹം ക്രിസ്തുവിന്റെ പാതയിൽ ചലിക്കുന്നത്. സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ ഉന്നമനമാണ് ബഥനിയുടെ സ്ഥാപകസിദ്ധി. ഇക്കാലമത്രയും അതുൾക്കൊണ്ട് പ്രവർത്തിക്കാൻ കഴിഞ്ഞെന്നതുതന്നെയാണ് ബഥനിയുടെ അഭിമാനം.
ശതാബ്ദി ആഘോഷക്കാലം എങ്ങനെ കടന്നുപോയി?
സന്യാസ സമൂഹത്തിലും പൊതുസമൂഹത്തിലും നവീകരണമായിരുന്നു ലക്ഷ്യം. രണ്ടു തലങ്ങളിലും വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി. ആത്മീയം, ബൗദ്ധികം, സാമൂഹികം, സഭാതലം, സമൂഹജീവിതം, അപ്പസ്തോലിക മേഖലകൾ എന്നിങ്ങനെ തിരിച്ച് നിരവധി പദ്ധതികളും പരിപാടികളും നടപ്പാക്കി.
പൊതുസമൂഹത്തിൽ ബഥനിയുടെ ശതാബ്ദി ആഘോഷം അടയാളപ്പെടുത്തിയത് എങ്ങനെയൊക്കെയാണ്?
ഭവന നിർമാണമായിരുന്നു ശ്രദ്ധിച്ചിരുന്ന ഒരു പ്രധാന മേഖല. 44 വീടുകൾ പൂർണമായും 103 വീടുകൾ ഭാഗികമായും നിർമിച്ചു നൽകി. കിടപ്പാടം ഇല്ലാതിരുന്നവർക്കായി 62 സെന്റ് സ്ഥലം ലഭ്യമാക്കി. 173 പെൺകുട്ടികൾക്കു വിവാഹസഹായവും 690 കുട്ടികൾക്ക് ഉപരിപഠന സഹായവും നൽകി. 420 പേരിലേക്ക് ചികിത്സാസഹായം എത്തിച്ചു.
ദുരന്തബാധിതരുടെ പുനരധിവാസം, മിഷൻ കേന്ദ്രങ്ങളിലെ ധനസഹായം എന്നിവ ശ്രദ്ധിച്ച മേഖലകളാണ്. ദരിദ്രകുടുംബങ്ങളിലേക്ക് കിറ്റ്, വസ്ത്രങ്ങൾ, ഗാർഹിക ഉപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു.
വത്തിക്കാനിൽ ആയിരുന്നല്ലോ ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം?
അത് അനുഗ്രഹ നിമിഷമായിരുന്നു. 2024 ഏപ്രിലിൽ. പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ കണ്ടു ലോഗോ പ്രകാശനം ചെയ്തു. മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണ് റോമിൽ നടന്ന ചടങ്ങിൽ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തത്.
വിദ്യാഭ്യാസരംഗത്തും ജീവകാരുണ്യ രംഗത്തും ബഥനിയുടെ സാന്നിധ്യം?
നഴ്സിംഗ് കോളജും ജൂണിയർ കോളജും ടെക്നിക്കൽ സ്കൂളും ബഥനി നടത്തുന്നുണ്ട്, 16 ഹയർ സെക്കൻഡറി ഹൈസ്കൂളുകൾ, 30 ഹൈസ്കൂളുകൾ, 43 യുപി സ്കൂൾ, 55 പ്രൈമറി സ്കൂൾ, 26 ഹോസ്റ്റൽ, മൂന്ന് സ്പെഷൽ സ്കൂൾ എന്നിവയുമുണ്ട്.
ജീവകാരുണ്യ രംഗത്തു രണ്ട് വയോജന കേന്ദ്രങ്ങൾ, 11 പുനരധിവാസ കേന്ദ്രങ്ങൾ, രണ്ട് ഭക്ഷണവിതരണ കേന്ദ്രം, രണ്ട് കൗൺസലിംഗ് സെന്റർ എന്നിവയും നടത്തുന്നു. നാല് ആശുപത്രികൾ, നാലു പാലിയേറ്റീവ് കേന്ദ്രങ്ങൾ, ആറു ക്ലിനിക്കുകൾ, സാമൂഹിക ക്ഷേമരംഗത്ത് 12 സ്ഥാപനങ്ങൾ എന്നിവയുമുണ്ട്.
സ്ഥാപനങ്ങൾ സമൂഹത്തിന് അനിവാര്യമാണെങ്കിലും പലപ്പോഴും അവയുടെ നടത്തിപ്പ് സന്യാസജീവിതത്തെ ഭാരപ്പെടുത്തുന്നുണ്ടോ?
ഒരിക്കലും സ്ഥാപന നടത്തിപ്പ് സന്യാസജീവിതത്തിന്റെ തനിമയെയും ചിട്ടവട്ടങ്ങളെയും കവർന്നെടുക്കാൻ അനുവദിക്കരുത്. ഏതു മേഖലയിൽ പ്രവർത്തിച്ചാലും നമ്മൾ ഒരു സന്യാസിനിയാണെന്ന് അവിടെ അടയാളപ്പെടുത്താൻ കഴിയുക എന്നതാണ് പ്രധാനം. അതൊരു സാക്ഷ്യം കൂടിയാണ്.
നാടിനും രാജ്യത്തിനുതന്നെയും വലിയ സേവനമാണ് സന്യാസിനികൾ ചെയ്യുന്നതെങ്കിലും അതിന്റെ ഗുണഭോക്താക്കൾ പോലും പലപ്പോഴും അവരെ വേട്ടയാടുകയാണല്ലോ?
പ്രതികൂല സാഹചര്യങ്ങളിൽ നന്മ ചെയ്യുമ്പോഴല്ലേ കൂടുതൽ പ്രസക്തിയുള്ളത്. ആരുടെയെങ്കിലും പ്രീതി കിട്ടാൻ വേണ്ടി പ്രവർത്തിക്കുന്നവരല്ല സന്യാസിനികൾ. കോടിക്കണക്കിനു കുടുംബങ്ങളിൽ അക്ഷരവെളിച്ചമെത്തിക്കാനും ഉപേക്ഷിക്കപ്പെട്ടവർക്കു ചികിത്സ നൽകാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു നയിക്കാനും സന്യാസിനികൾക്കു കഴിയുന്നുണ്ട്. മറ്റുള്ളവർ എന്തു പറയുന്നു? എന്തു തിരികെ നൽകുന്നു എന്നതു നോക്കി പ്രവർത്തിക്കാനല്ലല്ലോ ക്രിസ്തു നമ്മോടു പറഞ്ഞിരിക്കുന്നത്.
മാറിയ കുടുംബസാഹചര്യങ്ങളെക്കുറിച്ച്?
ഒറ്റപ്പെടൽ ആണ് ഇന്നു നമ്മുടെ കുടുംബങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. സംസാരിക്കാൻ പോലും അടുത്താരും ഇല്ലാത്ത സ്ഥിതി, പ്രത്യേകിച്ച് പ്രായമായവർക്ക്. സ്ഥാപനങ്ങളിൽനിന്നും മഠങ്ങളിൽനിന്നും സന്യസ്തർ കൂടുതലായി പുറത്തിറങ്ങി പ്രവർത്തിക്കേണ്ട കാലമാണ്. കുടുംബ സന്ദർശനം പതിവാക്കണം, സംസാരിക്കണം, അവർക്കു പിന്തുണ നൽകണം. വർഷം നാലായിരത്തോളം കുടുംബങ്ങളെ ബഥനി സന്യാസിനികൾ സന്ദർശിക്കുന്നുണ്ട്. അതൊരു മിഷൻ പോലെയാണ് ഞങ്ങൾ നിർവഹിക്കുന്നത്.
ഇന്നത്തെ കുട്ടികൾക്കു സന്യാസം എങ്ങനെയാണ് ഒരു ആകർഷക മേഖലയാകേണ്ടത്?
പത്തനംതിട്ട ഓമല്ലൂർ കുഴിനാപ്പുറത്ത് പൊയ്കയിൽ എന്ന എന്റെ വീടിന്റെ പ്രാർഥനാമുറിയിൽനിന്നാണ് ഞാൻ എന്ന സന്യാസിനി രൂപംകൊണ്ടത്. ഇതു വേറിട്ടൊരു ദൗത്യമാണ്. കൂടുതൽ പേർ വരണമെന്നു നമ്മൾ വാശിപിടിക്കുന്നതിൽ കാര്യമില്ല. വെല്ലുവിളി നിറഞ്ഞ ആ ദൗത്യം ഏറ്റെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടവർക്കേ കഴിയൂ. പണ്ട് നമ്മുടെ നാട്ടിൽ വളരെ കുറച്ചു സന്യാസ സഭകളേ ഉണ്ടായിരുന്നുള്ളൂ.
അതിനാൽ ചേരാൻ വരുന്നവരുടെ എണ്ണവും കൂടുതലായിരുന്നു. ഇന്നു സന്യാസസഭകളുടെ എണ്ണം പെരുകി. പഠനവും ജോലിയുമൊക്കെ നേടിക്കഴിഞ്ഞ് സന്യാസത്തിലേക്കു വരുന്ന നിരവധി പേരുണ്ട്. ദൗത്യത്തെക്കുറിച്ചു തികഞ്ഞ ബോധ്യമുള്ളവർ. സന്യാസത്തിനും ശുശ്രൂഷാരംഗത്തിനും വലിയ മുതൽക്കൂട്ടാണവർ.