വിവേചനമില്ലാതെ തുല്യനീതി ഉറപ്പാക്കണം: എംസിവൈഎം
Friday, August 1, 2025 1:49 AM IST
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീമാരെ അന്യായമായി അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത നടപടിയിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജന സംഘടനയായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) ആശങ്ക പ്രകടിപ്പിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്തു.
ഇത്തരം അനിഷ്ടസംഭവങ്ങൾ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനെതിരായ തുറന്ന വെല്ലുവിളിയാണ്. ബജ്റംഗ്ദളിന്റെ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ സിസ്റ്റേഴ്സിനെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ അവിടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ മൗനം പാലിച്ചത് നമ്മുടെ രാജ്യത്തു സംഭവിക്കുന്ന മനുഷ്യാവകാശ ധ്വംസനത്തിന്റെ ഭയാനകമായ സൂചനയാണ്.
പോലീസ് കസ്റ്റഡിയിലുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും മോചിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംസിവൈഎമ്മിന്റെ സഭാതല സമിതി ബന്ധപ്പെട്ട അധികാരികളോട് അഭ്യർഥിച്ചു.
യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപസ്, സഭാതല ഡയറക്ടർ റവ. ഡോ. പ്രഭീഷ് ജോർജ്, സഭാതല പ്രസിഡന്റ് മോനു ജോസഫ്, സഭാതല ജനറൽ സെക്രട്ടറി ലിനു ഡാനിയേൽ, സഭാതല ട്രഷറർ രഞ്ജു രാജു എന്നിവർ പ്രസംഗിച്ചു.